പെരുഞ്ചെല്ലൂരിൽ അപൂർവങ്ങളിൽ അപൂർവ കീർത്തനങ്ങളുമായി ചെന്നൈ ഭരത് നാരായൺ തളിപ്പറമ്പ് : പെരുഞ്ചെല്ലൂർ സംഗീത സഭയുടെ എഴുപത്തി രണ്ടാം കച്ചേരിയിൽ പ്രശസ്ത കർണ്ണാടക ശാസ്ത്രീയ സംഗീതത്തിലെ കലാകാരന്മാർ കെ എൽ ശ്രീരാമിന്റെയും ബേബി ശ്രീരാമിന്റെയും മകൻ ഭരത് നാരായൺ അപൂർവങ്ങളിൽ അപ്പൂർവ്വമായ കൃതികളുടെ ഒരു കച്ചേരി പെരുഞ്ചെല്ലൂരിലെ ശ്രോതാക്കൾക്ക് സമ്മാനിച്ചു. മൃദംഗത്തിൽ മുതിർന്ന വിധ്വാൻ കൊടുന്തിരപ്പള്ളി പരമേശ്വരൻ യുവ ഗായകന് വലിയ പിന്തുണ നല്കി. വയലിനിൽ ആദർശ് അജയ് കുമാർ അകമ്പടിയായി. മുത്തുസ്വാമി ദീക്ഷിതരുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായ വടിവേലു കാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയ സരസിജനാഭ നിന്ന് സന്നതി എന്ന വർണത്തോടെ കച്ചേരി ആരംഭിച്ചു. നീലകണ്ഠ ശിവൻ ചിട്ടപ്പെടുത്തിയ കാമവർധിനി രാഗത്തിലെ ഗജാനനാ ഗണേശ്വനെ ജയമനോഹരി രാഗത്തിലെ യജ്നാ ദുളു സുഖമനു, വകുളാഭരണം രാഗത്തിലെ ഈറാമുനി നമ്മിതിനോ, കീരനാവലി രാഗത്തിലെ എട്ടിയോചനലു ചേസേവുറ, കല്യാണി രാഗത്തിലെ എന്തുക്കോ നീ മനസു എന്നീ കൃതികൾ ത്യാഗരാജ സ്വാമിക്ക്‌ വേണ്ടി ആരാധന രൂപത്തിൽ സമർപ്പിച്ചു. ഭദ്രാചല രാമദാസ് കലാവതി രാഗത്തിൽ രചിച്ച ബലിരാ വൈരാഗ്യമെന്തോ, ബേബി ശ്രീരാമിന്റെ മാധവൻ മറുഗനെ മുരുഗനെ എന്നീ കൃതികൾ അതിന്റെ അർത്ഥം കൂടി ശ്രോതാക്കൾക്ക് പകർന്നു നല്കി. ലാൽഗുടി ജയരാമൻ ചിട്ടപ്പെടുത്തിയ ഖമ്മാസ് രാഗത്തിലെ തില്ലാനയോടെ കച്ചേരി അവസാനിച്ചു. വിജയ് നീലകണ്ഠൻ സ്വാഗതവും, ബംഗളുരുവിൽ നിന്നും എത്തിയ പദ്മനാഭൻ കലാകാരന്മാരെ ആദരിച്ചു.