പെരുഞ്ചെല്ലൂരിൽ ഗുഹ ശൃംഖല സമർപ്പിച്ച് ഡോ. പി എസ് കൃഷ്ണമൂർത്തി
അപൂർവങ്ങളിൽ അപൂർവ സംഗീത സായാഹ്നം പെരുഞ്ചെല്ലൂരിൽ
ഒരു വാഗ്ഗേയക്കാരന്റെ രചനകളുടെ ഒരു സമ്പൂർണ കർണാടക കച്ചേരി ആദ്യമായിട്ടാണ് കേരളത്തിൽ പെരുഞ്ചെല്ലൂർ സംഗീത സഭയിൽ നടന്നതെന്നും വളരെ അപൂർവമായി മാത്രമേ സംഗീത സംവിധായകന്റെ പാട്ടുകൾ അവരുടെ സ്വന്തം ശബ്ദത്തിൽ നാം കേൾക്കാറുള്ളൂ എന്ന് സഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ പറഞ്ഞു.  പെരുഞ്ചെല്ലൂരിൽ പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴൽ വാദകനും താളവാദ്യക്കാരനും കർണാടക പിയാനിസ്റ്റും തിയേറ്റർ ഡയറക്ടറും നടനുമായ മുംബൈ വാഗ്ഗെയകാർ ഡോ. പി എസ് കൃഷ്ണമൂർത്തി സ്വന്തം രചിച്ച് സംഗീതം നൽകിയ ഒട്ടനവധി ഭക്തി നിർഭരമായ കീർത്തനങ്ങൾ നിറദീപങ്ങൾ തെളിഞ്ഞു കത്തുന്ന പെരുഞ്ചെല്ലൂർ സംഗീത സഭ വേദിയിൽ ആലപിച്ചപ്പോൾ കരുണാദ്രമായ ഭക്തിയാൽ ആസ്വാദകരുടെ അർദ്ധ നിമീലിത നേത്രങ്ങൾ ഈറനണിഞ്ഞു. നാരായണീയത്തിലെ അഗ്രേ പശ്യാമിയി ദിവ്യവാക്യങ്ങളോടെയാണ് കച്ചേരി ആരംഭിച്ചത്. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അത്താഴ ശീവേലിയുടെ ഭംഗി വിവരിക്കുന്ന രാഗം നീലമണിയിൽ ചിട്ടപ്പെടുത്തിയ നീലമണി മാലൈ മാർബ എന്ന കീർത്തനത്തിനു ശേഷം, ത്യാഗരാജ സ്വാമിയുടെ നിസ്വാർത്ഥ സേവനത്തെ സ്തുച്ചു കൊണ്ട് അട്ടനാ രാഗത്തിലെ ആരൂരിലെ പിറന്തു എന്ന കൃതി, രാഗം അമൃതവർഷിണിയിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനാമൃത വർഷിണി എന്ന കീർത്തനം സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ടായിരുന്നു. ചാരു ഗുഹ ശൃംഖല എന്ന ഒരു പുതിയ രാഗത്തിൽ കണ്ട ഉൻ നാമം എന്ന കീർത്തനം മുഖ്യ ആകർഷണമായി.  ഏഴ് സ്വരങ്ങൾ ആരോഹണ ക്രമത്തിൽ ആദ്യാക്ഷരമായി ഉപയോഗിച്ചും മുരുക ഭഗവാന്റെ പ്രത്യേകതകൾ ചിത്രീകരിക്കുന്ന "ശങ്കരാഭരണം" എന്ന രാഗത്തിന്റെ പേരുമായി ബന്ധിപ്പിക്കുന്ന മറ്റൊരു മികച്ച രചന സാരമേ ഷഡക്ഷരം ആസ്വാദക മനസിനെ കീഴടക്കി.           നളിനകാന്തിയിൽ മനമേ സഞ്ചലം അടയാദേ, രാഗ ഭൗലി രാഗത്തിൽ മുരുക നീ വാ വാ, പാനക പൂജയിൽ പാടുന്ന പരമ്പരാഗത വിരുത്തങ്ങൾ, കലിയുഗത്തിലെ പുണ്യമൂർത്തിയെ ചിത്രീകരിച്ച് മേളകർത്താ രാഗമായ നാഗനന്ദിനിയിൽ ആദരത്തിരളുവായ് അയ്യപ്പാ, അർദ്ധ ക്ലാസിക്കൽ ഭജനകൾ ശങ്കര ശങ്കര, സുന്ദര തേ ധ്യാന എന്ന തുക്കാറാം അഭംഗ്, ജനരഞ്ജിനി രാഗത്തിൽ പരമേശ്വരി പശുപതേശ്വരി എന്ന കീർത്തനങ്ങൾ ആലപിച്ചു. രാധാപ്രിയ രാഗത്തിൽ അദ്ദേഹത്തിന്റെ രാഗ സൃഷ്ടികളിലൊന്നിൽ ഏറ്റവും ജനപ്രിയമായ വനമാലി രാധാ രമണ എന്ന നാമാവലിയോടെ കച്ചേരി അവസാനിച്ചു. സഭയുടെ അറുപത്തിആറാമത്തെ സംഗീത പരിപാടിയിൽ മുന്ന് മണിക്കൂർ നേരത്തേക്ക് ഡോ. പി എസ് കൃഷ്ണമൂർത്തിയുടെ കൂടെ കർണാടിക് സംഗീതജ്ഞയും ഭാര്യയുമായ മംഗളം കൃഷ്ണമൂർത്തിയും മകൾ കീർത്തന കൃഷ്ണമൂർത്തിയും പക്കമേളത്തിൽ മുതിർന്ന വയലിനിസ്റ്റ്  പാലക്കാട് ആർ. സ്വാമിനാഥനും, മൃദങ്കത്തിൽ കല്ലേകുളങ്ങര പി ഉണ്ണികൃഷ്ണനും കൂടി ചേർന്ന്  ഭാവ സമ്പുഷ്ടമായ ആലാപനത്താൽ ഭക്തിയുടെ അവാച്യമായ അന്തരീക്ഷം പി.നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ സൃഷ്ടിച്ചെടുത്തു . അദ്ദേഹത്തിന്റെ അഞ്ഞൂറിൽ മേലെ വരുന്ന ക്ലാസിക്കൽ രചനകളിൽ നിന്നും തിരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് അടങ്ങുന്ന  രണ്ടാമത്തെ പുസ്തകം ആധുനിക മലയാള സാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തു ടി. പത്മനാഭൻ പ്രകാശനം ചെയ്തു.   പി വി രാജശേഖരൻ സംസാരിച്ചു. അനിൽ വർഗീസും ഗീത നമ്പിയാരും ചേർന്ന് കലാകാരന്മാരെ ആദരിച്ചു.