സംഗീത പെരുമഴയുമായി വിഷ്ണുദേവ് _________ സംഗീത പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത പ്രൗഢ ഗംഭീരമായ കച്ചേരിയാണ് പെരുഞ്ചെല്ലൂർ സംഗീത സഭയിൽ അരങ്ങേറിയത്. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞൻ ചെന്നൈ വിഷ്ണു ദേവ് അവതരിപ്പിച്ച കച്ചേരി അവിസ്മരണീയമായി. രാഗാലാപനത്തിലും സ്വര വിസ്താരത്തിലും കീർത്തനാലാപനത്തിലുമെല്ലാം അസാമാന്യമായ പാടവമാണ് പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയ ഗായകനായ വിഷ്ണുദേവ് പ്രകടിപ്പിച്ചത്. രേവതി രാഗാലാപനവും ആ രാഗത്തിലെ മഹാദേവശിവ ശംഭോ എന്ന കൃതിയും ഭക്തിയുടേയും ജ്ഞാനത്തിന്റേയും ലയത്തിന്റേയും സമ്മേളനമായി. മുഖ്യകൃതിയായ ഖമാസ് രാഗത്തിലെ ബ്രോചേവ ഉന്നത നിലവാരം പുലർത്തി. കല്യാണി രാഗവർണ്ണം,രീതിഗൗളയിൽ തത്ത്വമറിയതരമാ, നളിനകാന്തിയിൽ നീ പാദമഗതി, എന്നീ കൃതികളും മുഖ്യകൃതിക്ക് ശേഷം ആലപിച്ച അലർശര പരിതാപം, പിബരേ രാമരസം,ചലിയേ കുഞ്ചനമോ,ഗംഗാധീശ്വരം എന്നിവയുമെല്ലാം അവിസ്മരണീയമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകർന്നു നൽകിയത്. സംഗീതത്തിലെ മഹാരഥന്മാർ ജീവൻ നൽകിയ ചിട്ടകളും സമ്പ്രദായങ്ങളും പിന്തുടർന്ന വിഷ്ണു ദേവിന്റെ ആലാപന ശൈലി ഏറെ ഹൃദ്യമായി. ചെറുപ്രായത്തിൽത്തന്നെ അസാമാന്യമായ പ്രാവീണ്യം കൊണ്ട് ശ്രദ്ധേയനായ ഗോകുൽ ആലങ്കോടിന്റെ വയലിൻ സംഗീതാസ്വാദകരെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചു. പ്രശസ്ത മൃദംഗ വിദ്വാൻ ബാലകൃഷ്ണ കമ്മത്ത്, മുഖർശംഖ് വിദ്വാൻ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ ചേർന്നൊരുക്കിയ താളലയം സംഗീത പ്രേമികൾക്ക് മികച്ച സമ്മാനമായി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. പി. വി. രാജശേഖരൻ, വിജയ് നീലകണ്ഠൻ, ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു.