മാൻഡലിൻ വിസ്മയത്തിൽ അലിഞ്ഞ് പെരുഞ്ചെല്ലൂർ
ഉപകരണ സംഗീതത്തിൽ മലയാളികൾക്ക് അത്ര പരിചിതമല്ല മാൻഡലിൻ. പക്ഷേ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപത്തി അഞ്ചാം കച്ചേരിയിൽ സംഗീതം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ആ വിസ്മയ സംഗീതോപകരണത്തിനു കഴിഞ്ഞു. അതിൻ്റെ മാസ്മരിത അനുഭവിച്ചപ്പോൾ ആസ്വാദകർ ആനന്ദ നിർവൃതിയിലായി.
നേർത്ത കുളിർകാറ്റായി തുടങ്ങി രാഗങ്ങളുടെ പ്രവാഹമായി പത്മശ്രീ മാൻഡലിൻ യു ശ്രീനിവാസ്, യു രാജേഷ് എന്നിവരുടെ ശിഷ്യൻ ബംഗളൂരുവിലെ വിഷ്ണു വെങ്കടേഷ്.
അക്കാദമിക് രംഗത്ത് ബി.ഇ (ഇ & സി), എം ടെക്ക് എന്നിവ ചെയ്തിട്ടുണ്ട് ഇദ്ദേഹം. ശ്രീരാഗവർണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് വാതാപി , ത്യാഗരാജ പഞ്ചരത്ന കൃതിയായ ജഗദാനന്ദ, ചന്ദ്ര ജ്യോതി രാഗത്തിൽ വാഗായനയ്യ, രീതിഗൗള രാഗത്തിൽ ജനനി നിന്നുവിന , മായാമാളവഗൗള യിൽ ദേവ ദേവ, കദന കുതൂഹലത്തിൽ രഘുവംശ സുധ തുടങ്ങിയ കൃതികളും അതീവ ഹൃദ്യമായി അവതരിപ്പിച്ചു. രാഗസുധാരസ , മറുഗേലറ , ദേവാമൃതവർഷിണി രാഗത്തിലെ എവറണി തുടങ്ങിയ കൃതികളെല്ലാം സവിശേഷ ശ്രദ്ധയാകർഷിച്ചു. മുഖ്യ കൃതിയായി അവതരിപ്പിച്ചത് ഷണ്മുഖപ്രിയ രാഗത്തിലെ മരിവേര ദിക് എന്ന കൃതിയായിരുന്നു. ദർബാരി കാനഡ രാഗത്തിലെ നോവർദ്ധന ഗിരിധര എന്ന കൃതിയോടെയാണ് മൂന്നേകാൽ മണിക്കൂർ നീണ്ട് നിന്ന കച്ചേരിക്ക് പരിസമാപ്തിയായത്. വായ്പാട്ടിലൂടെ ഒഴുകി എത്തുന്ന സാഹിത്യഭാഷ ഉപകരണങ്ങൾക്ക് പ്രാപ്യമെന്നു അത് തെളിയിച്ചു. വയലിനിൽ ആദർശ് അജയ്കുമാർ, മൃദംഗത്തിൽ ശ്രീദത്ത് എസ്‌ പിള്ള, ഘടത്തിൽ കുരിചിതനം അനന്തകൃഷ്ണൻ എന്നിവർ ചേർന്ന് കച്ചേരിയെ ഹൃദയാവർജ്ജകമാക്കി. വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു. പെരുഞ്ചെല്ലൂർ സംഗീത സഭയുടെ ട്രസ്റ്റീ സി.എച്ച്.കൃഷ്ണൻ അവർകളുടെ ഓർമക്കായി അദ്ദേഹത്തിന്റെ പത്നി ഗീത കൃഷ്ണൻ ആസ്വാദകർക്ക് സംഗീത സന്ധ്യ സമർപ്പിച്ചു.