വിശ്വസ്നേഹത്തിന്റെ വീണാ മന്ത്രത്തിലലിഞ്ഞ് പെരുഞ്ചെല്ലൂർ കാലദേശങ്ങൾക്കും, വർണ്ണ വർഗ്ഗങ്ങൾക്കും അതീതമായി വിശ്വസ്നേഹത്തിന്റെ മതവും മന്ത്രവുമാണ് സംഗീതമെന്ന് തെളിയിക്കുന്നതായിരുന്നു പെരുഞ്ചെല്ലൂർ സംഗീത സഭയിൽ നിന്നുയർന്ന വീണാ നാദം. 70 കാരിയായ യൂക്കോ മാതോബ എന്ന ജാപ്പനീസ് വനിത ഭാരതീയ സംഗീതത്തെ നെഞ്ചേറ്റി , ആദിമ വാദ്യമായ വീണയിലൂടെ ജീവ രാഗങ്ങളൊഴുക്കിയപ്പോൾ സംഗീത പ്രേമികൾക്ക് ആരാധനയുടേയും വിസ്മയത്തിന്റേയും നിമിഷങ്ങളാണ് സമ്മാനിച്ചത്. ശുദ്ധസംഗീതത്തിന്റെ പവിത്രതയിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ വേറിട്ട പരിപാടികളിലൂടെ ശ്രദ്ധേയമായ പെരുഞ്ചെല്ലൂർ സംഗീത സഭ തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇക്കുറി ആസ്വാദകർക്ക് സമ്മാനിച്ചത്. സഭയുടെ അൻപതാമത് പരിപാടിയായി നടന്ന വീണക്കച്ചേരിയിലൂടെ രണ്ടു സംസ്കാരങ്ങൾ ദിവ്യനാദത്തിന്റെ ചരടിലൂടെ കോർത്ത് ഒന്നായിത്തീരുകയായിരുന്നു. കർണ്ണാടക സംഗീതത്തിലെ ദൈവീകവും ആത്മീയവുമായ അംശത്തെ തന്റെ ജന്മ നാടിന്റെ സംസ്കാര പശ്ചാത്തലത്തിൽ അതിവേഗം സ്വാംശീകരിക്കാൻ കഴിഞ്ഞതായി വീണ വാദനത്തിലൂടെ തെളിയിച്ചു. ഹംസദ്ധ്വനി രാഗ വർണ്ണത്തോടെ ആരംഭിച്ച കച്ചേരിയിൽ സിംഹേന്ദ്രമദ്ധ്യമ രാഗത്തിലുള്ള നിന്നെ നമ്മിതി ആയിരുന്നു മുഖ്യ കൃതി . കൂടാതെ നാട്ടരാഗത്തിൽ മഹാഗണപതി, പഞ്ചരത്ന കൃതിയായ എന്തരോ മഹാനുഭാവുലു, അഠാണ യിൽ അനുപമ ഗുണാംബുധി , രീതിഗൗളയിൽ ജനനി നിനുവിന, പൂർവ്വികല്യാണിയിൽ ആനന്ദ നാമാടുവാർ കദന രഘുവംശ സുധാ, കാപ്പിരാഗത്തിൽ എന്ന തവം, കേദാരത്തിൽ സമയമിദേ തുടങ്ങിയ കൃതികളും ധനാശ്രീ രാഗത്തിൽ തില്ലാനയും അവതരിപ്പിച്ചു. മൃദംഗത്തിൽ വിദ്വാൻ. രാജ്നാരായണനും ഘട്ടത്തിൽ വിദ്വാൻ ബിജോയ് ശങ്കറും ഉജ്ജ്വല പ്രകടനം നടത്തി ആസ്വാദകരെ ആനന്ദിപ്പിച്ചു. ശ്രീ. എം. എം. രാമൻനമ്പൂതിരി യും ആനന്ദവല്ലി ടീച്ചറും ചേർന്നു കലാകാരന്മാരെ ആദരിച്ചു. ശ്രീ. പി. വി. രാജശേഖരൻ ആശ ടീച്ചറും ചേർന്നു കലാകാരന്മാർക്ക് ഉപഹാരം നൽകി. പി. വി. രാജശേഖരനും ആശ ടീച്ചറും ചേർന്നു കലാകാരിക്ക് ഉപഹാരം നൽകി