Financial Support

തളിപ്പറമ്പിലെ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരൻ ശ്രീ.രാജേഷിന്റെ അകാല മരണത്തെ തുടർന്ന് തളിപ്പറമ്പ് പെരുഞ്ചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ #ഒന്നര #ലക്ഷം #രൂപ #152500/- ധന സഹായം കുടുംബത്തിന് കൈ മാറി. കോവിഡ് കാലത്തെ സാമ്പത്തിക വിഷമത കൊണ്ട് ആലക്കോട് അരങ്ങത്തെ ആയിഞ്ചിറക്കുന്നേൽ രാജേഷ് പതിനഞ്ചു ദിവസം മുന്നേ ജീവനൊടുക്കിയിരുന്നു. പെരുഞ്ചെല്ലൂർ സംഗീത സഭയിൽ അമ്പത്തോളം കച്ചേരികളിൽ സൗണ്ട് നിയന്ത്രിച്ച രാജേഷ് ഈ രംഗത്ത് അസാമാന്യ പ്രത്യേക കഴിവുള്ളയാളാണ്. സേവന മികവ് കണക്കിലെടുത്ത് അദ്ദേഹത്തെ നേരത്തെ പെരുഞ്ചെല്ലൂർ സംഗീത സഭ ആദരിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞൻ ചെന്നൈ പി. ഉണ്ണികൃഷ്ണൻ, മൃദംഗ വിദ്വാൻ മാവേലിക്കര ആർ. വി. രാജേഷ്, സഭയിലെ അംഗങ്ങളായ ശുദ്ധ സംഗീതാസ്വാദകരും ചേർന്നാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം ചെയ്തത്. സി. കെ. ശങ്കരനാരായണൻ, സി.സുന്ദരം മാസ്റ്റർ, പെരിങ്ങോം വയക്കര പഞ്ചായത്ത്‌ പ്രസിഡന്റ് വി എം. ഉണ്ണിക്കൃഷ്ണൻ,സഭയുടെ ട്രസ്റ്റിമാരായ പി. വി. രാജശേഖരൻ, ഡോക്ടർ കെ. വി. വത്സലൻ, ശിവ സുബ്രമണ്യൻ, വിനോദ് അരിയേരി എന്നിവർ ചേർന്നാണ് തുക കൈമാറിയത്. സംഗീതം ആലപിക്കുന്നവരുടേയും, പക്കമേളക്കാരുടേയും ധ്വനി പൂർണ്ണതയിൽ എത്തിക്കുന്ന മാര്‍ഗ്ഗമാണ് ശബ്ദ സാങ്കേതിക വിദഗ്ധൻ. ശബ്ദത്തിന്റെ പൂർണ്ണതയ്‌ക്കു വേണ്ടി ആസ്വാദകന്റെ ആസ്വാദനത്തെ കൂടുതൽ മികവുറ്റതാക്കുന്നതും ഇവരാണ്. ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് എത്രത്തോളം മുഖ്യമാണോ അത്രയും തന്നെ മുഖ്യമാണ് കച്ചേരികളിൽ ഇവരുടെ ജോലി. ബുദ്ധി യുക്തിയാൽ സിദ്ധാന്തപരമായി ഉറപ്പു വരുത്തുന്ന വസ്തു ബോധമാണ് ജ്ഞാനം. ഒരു സംഗീതജ്ഞന് എത്രമാത്രം ജ്ഞാനം സംഗീതത്തെക്കുറിച്ചുണ്ടോ അത്ര തന്നെ ജ്ഞാനം ഉള്ളവനായിരിക്കണം ശബ്ദ വിദഗ്ദ്ധനും. വായ്പാട്ടു മാത്രമല്ല മറ്റു പക്കമേളങ്ങളുടെ ശരിയായ ശബ്ദം ആസ്വാദകനിൽ എത്തിക്കുന്ന ഇവരെ അതിനാൽ തന്നെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ട കടമ നമ്മളിൽ നിക്ഷിപ്തമാണ്. പെരുഞ്ചെല്ലൂർ സംഗീത സഭയിൽ കച്ചേരി അവതരിപ്പിച്ച ഓരോ കലാകാരന്മാരും രാജേഷിനെ വാനോളം തുറന്ന സദസിൽ പ്രശംസിച്ചതാണ്. സഭക്കുണ്ടായ തീരാനഷ്ടമാണ് രാജേഷിന്റെ വിയോഗം എന്ന് വിജയ് നീലകണ്ഠൻ പറഞ്ഞു.