പെരുഞ്ചെല്ലൂർ സംഗീത പാരമ്പര്യത്തിന് മറ്റൊരു സുവർണ്ണ ദിനം തളിപ്പറമ്പ : പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അമ്പത്തി എട്ടാമത്തെ കച്ചേരി പങ്കെടുത്ത ഏവർക്കും തീർത്തും ആസ്വാദ്യകരമായിരുന്നു. വിഖ്യാത മൃദംഗ വിദ്ധ്വാൻ യശ:ശരീരനായ പാലക്കാട് മണി അയ്യരുടെ പൗത്രനും യുവ സംഗീതജ്ഞരിൽ പ്രമുഖനുമായ പാലക്കാട് ഡോ. ആർ. രാമപ്രസാദ് സംഗീത സഭയിൽ മറക്കാനാവാത്ത വിരുന്നൊരുക്കി. സാവേരി രാഗ വർണ്ണത്തിൽ തുടങ്ങിയ കച്ചേരി ശ്രീ രഞ്ജിനി രാഗത്തിലെ ത്യാഗരാജ കൃതിയായ ബ്രോചേവാരെവരെയിലൂടെ ലതാംഗി രാഗാലാപനവും കടന്ന് സാധുജവിനുതം എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയിലെത്തിയപ്പോൾ ആസ്വാദകർ കച്ചേരിയിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു. തുടർന്ന് സ്വാതി തിരുന്നാൾ കൃതിയായ ബോഗീന്ദ്രശായിനം (കുന്തുളവരാളി രാഗം), പാപനാശം ശിവം കൃതികളായ മാ രമണൻ (ഹിന്ദോളം), കാ വാ വാ കന്താവാവ (വരാളി) എന്നിവയുടെ ഹൃദ്യവും ആസ്വാദ്യവുമായ ആലാപനത്തിന് ശേഷം വളരെ വിശദമായി കാംബോജി രാഗം ആലപിച്ച പ്രശസ്തമായ ത്യാഗരാജ കൃതിയായ ഓ രംഗശായി എന്ന കീർത്തനവും തുടർന്ന് ഭൂലോക വൈകുണ്ഠ എന്ന നിരവലും തുടർന്ന് മനോധർമ സ്വര പ്രസ്ഥാരവും കഴിഞ്ഞപ്പോൾ അവാച്യമായ ഒരനുഭൂതി ഏവർക്കും ലഭിക്കുകയായിരുന്നു. നാരായണതേ (ബീഹാഗ്) എന്ന അന്നമ്മയ്യ സംഗീർത്തനവും കനകസഭയിൽ തിരുനടണം എന്ന സുരുട്ടി രാഗ കീർത്തനവും കച്ചേരിക്ക് മിഴിവേകി. സഹ സംഗീതജ്ഞരായപ്രശസ്ത വയലിൻ വിദ്ധ്വാൻ തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗ വിദ്ധ്വാൻ മാവേലിക്കര ആർ വി രാജേഷ് ഗഞ്ചിറയിൽ ഉഡുപ്പി ശ്രീകാന്ത് എന്നിവർ കച്ചേരിയുടെ മാറ്റ് കൂട്ടി. വിജയ് നീലകണ്ഠൻ സ്വാഗതമാശംസിച്ചു. പത്മശ്രീ പാറശാല ബി പൊന്നമ്മൾ ടീച്ചറുടെ ജീവിത രേഖ രചിച്ച ഡോ. ഹരി സുന്ദരിനെയും നോചൂർ നാരായണൻ അവർകളെയും രാമചന്ദ്ര അയ്യർ ആദരിച്ചു. കലാകാരന്മാരെ സുകേഷ് കുമാർ ആദരിച്ചു.