ശങ്കര സ്വരത്തിൽ അലിഞ് പെരുഞ്ചെല്ലൂർ അമൃത വർഷത്തിൽ പെയ്തിറങ്ങിയ ശങ്കര നാദം തുലാം മഴയെ കീഴ്പ്പെടുത്തിയ സംഗീത കച്ചേരി ------------- കർണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരിൽ നിന്ന് പകർന്നു കിട്ടിയ ശുദ്ധ സംഗീതത്തിൽ സ്വതസിദ്ധമായ ശൈലിയും ആരെയും ആകർഷിക്കുന്ന ശബ്ദമാധുര്യവും ചേർത്ത് ആസ്വാദകരെ സംഗീത ലഹരിയിൽ ആറാടിക്കുന്ന പ്രശസ്ത ഗായകൻ M K ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂർ സംഗീത സഭ സാക്ഷ്യം വഹിച്ചു. എട്ടാമത്തെ വയസു മുതൽ സംഗീത വേദികളിൽ അത്ഭുതമായി തിളങ്ങിയ ശങ്കരൻ നമ്പൂതിരി ഇന്ന് കർണ്ണാടക സംഗീതത്തിലെ മികവുറ്റ പ്രതിഭകളിൽ ഒരാളാണ്. കോവിഡ് കാലത്ത് സഭയിലെ ആസ്വാദകർക്ക് നഷ്ടമായത് ഒട്ടേറെ മികച്ച കച്ചേരികളാണ്. എന്നാൽ ആ നഷ്ടങ്ങൾക്കെല്ലാം പകരം വെക്കാവുന്നതായിരുന്നു ശങ്കരൻ നമ്പൂതിരിയുടെ മൂന്ന് മണിക്കൂർ കച്ചേരി . രാഗ വൈവിധ്യവും കൃതികളുടെ സെലക്ഷനും ആലാപന ഭംഗിയും കൊണ്ട് ആസ്വാദകരെ മുഴുവൻ കൈയ്യിലെടുക്കുവാൻ ശങ്കരൻ നമ്പൂതിരിക്കും സഹ കലാകാരന്മാർക്കും സാധിച്ചു. പന്തുവരാളി രാഗത്തിലുള്ള വർണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തോഡി രാഗത്തിലുള്ള ദാശരഥി എന്ന ത്യാഗരാജ കൃതിയാണ് മുഖ്യ കൃതിയായി പാടിയത്. ഇതു കൂടാതെ ഹംസദ്ധ്വനി രാഗത്തിൽ കരുണൈ സൈവായ്, ആരഭിയിൽ ആടിദനോ രംഗ, ശ്രീരഞ്ജിനിയിൽ ബ്രോചേവ , ഹമീർ കല്യാണിയിൽ പരിമള രംഗനാഥം, ദേവഗാന്ധാരിയിൽ കരുണാ സമുദ്ര തുടങ്ങിയ കൃതികളും ആലപിച്ചു. ബാഗേശ്രീ രാഗത്തിലുള്ള തില്ലാനയോടെയാണ് കച്ചേരി സമാപിച്ചത്. പ്രശസ്ത വയലിനിസ്റ്റ് ഇടപ്പള്ളി അജിത്, മൃദംഗവിദ്വാൻ ബാലകൃഷ്ണ കമ്മത്ത് , ഘടം വിദ്വാൻ വാഴപ്പള്ളി കൃഷ്ണകുമാർ എന്നിവർ ചേർന്നൊരുക്കിയ അതീവഹൃദ്യമായ പക്കമേളം കച്ചേരിക്ക് മിഴിവേകി. പെരുഞ്ചെല്ലൂർ സഭയിലെ അൻപത്തിയാറാമത്തെ കച്ചേരിയാണ് ഇന്നലെ നടന്നത്. കർണ്ണാടക സംഗീതത്തിലെ കൗമാര പ്രതിഭ ആലാപ് വിനോദിനെ പെരുഞ്ചെല്ലൂർ സംഗീത സഭ ആദരിച്ചു.