ഉത്തര മലബാറിന്റെ തിരുവയ്യാറായ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 49 -) മത്തേതും ഈ വർഷത്തെ ആദ്യത്തേതുമായ കച്ചേരി സംഗീതാസ്വാദകർക്ക് അവിസ്മരണീയമായ അനുഭൂതിയായി. പെരുഞ്ചെല്ലൂരിന്റെ ആസ്വാദകർക്ക് ഈ വർഷവും സംഗീതം കൊണ്ട് സമ്പന്നമായിരിക്കും എന്ന സന്ദേശമാണ് ഡോ ശ്രീവത്സൻ ജെ മേനോൻ എന്ന അനുഗൃഹീത ഗായകന്റെ സംഗീതാമൃതധാരയിലൂടെ ലഭിച്ചത്. പ്രശസ്ത സംഗീതജ്ഞനായിരുന്ന തെയ്യാറ്റിൻകര വാസുദേവന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച് കർണ്ണാടക സംഗീതത്തിലും ലളിതസംഗീതത്തിലും പിന്നണിഗാനരംഗത്തും പശ്ചാത്തല സംഗീതരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ ശ്രീവത്സൻ ജെ മേനോൻ തന്റെ അസാമാന്യമായ സംഗീതവൈഭവം കൊണ്ട് പെരുഞ്ചെല്ലൂരിനെ പുളകം കൊള്ളിച്ചു. മതംഗ മുനിയും ശാർങ്ഗദേവനും വെങ്കടമഖിയുമൊക്കെ ചിട്ടപ്പെടുത്തി മഹാ വിദ്വാന്മാരിലൂടെ തലമുറകളിലേക്ക് പകർന്ന കർണ്ണാടക സംഗീത പാഠങ്ങൾ ഉത്തമ ഗുരുനാഥനിൽ നിന്ന് ചിട്ടയോടെ പകർന്നു ലഭിച്ച ശ്രീവത്സൻ ജെ മേനോൻ ശാസ്ത്ര നിബദ്ധത കൊണ്ടും ആലാപന സുഖം കൊണ്ടും ആസ്വാദകരെ കോരിത്തരിപ്പിച്ചു. ഏഴ് സ്വരങ്ങൾ കൊണ്ട് അനുഭൂതിയുടെ മഹാസാഗരം തീർക്കുന്ന സംഗീതം ഈശ്വരൻ പ്രകൃതിക്കു നൽകിയ ഏറ്റവും വലിയ വരദാനമാണെന്ന് അടിവരയിടുന്നതായിരുന്നു ഈ കച്ചേരി. കീരവാണി രാഗത്തിൽ കലിഗിയുണ്ടേ ഗദാ ആയിരുന്നു മുഖ്യ കൃതി. ചന്ദ്ര ജ്യോതിയിൽ ബാഗായനയ്യ, ബേഗഡ യിൽ ത്യാഗരാജായ നമസ്തേ , ഗംഭീര നാട്ടയിൽ രക്ഷമാം , പ്രശസ്തമായ ഭാവയാമി രഘുരാമം തുടങ്ങിയ കൃതികളെല്ലാം സംഗീത പ്രേമികൾ ഒരു പോലെ ആസ്വദിച്ചു. എണ്ണമറ്റ വേദികളിൽ വയലിൻ കച്ചേരി നടത്തിയും പ്രശസ്ത ഗായകർക്ക് പക്കമേളമൊരുക്കിയും സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഇടപ്പള്ളി അജിത് വയലിനിൽ അസിമാന്യ പാടവമാണ് പ്രകടിപ്പിച്ചത്. പ്രശസ്ത സംഗീതജ്ഞരോടൊപ്പം എണ്ണമറ്റ വേദികളിൽ മൃ ദംഗത്തിൽ താളപ്രപഞ്ചം തീർത്തും, ചലച്ചിത്ര ഗാനങ്ങളുൾപ്പെടെ റിക്കാഡിങ് രംഗത്ത് നിറഞ്ഞു നിന്നും സംഗീത രംഗത്ത് മൂന്നു പതിറ്റാണ്ടായി നിറ സിന്നിദ്ധ്യമായ ശ്രീ ബാലകൃഷ്ണ കമ്മത്ത് സ്വതസിദ്ധമായ ശൈലിയിൽ വിസ്മയം തീർത്ത് കച്ചേരിക്ക് കൊഴുപ്പേകി. താളവാദ്യ രംഗത്ത് കറതീർന്ന പ്രകടനങ്ങളിലൂടെ ആസ്വാദകരെ എന്നും ആ നന്ദിപ്പിക്കുന്ന വാഴപ്പള്ളി കൃഷ്ണകുമാർ ഘടത്തിൽ മേളക്കൊഴുപ്പൊരുക്കി കച്ചേരിക്ക് മിഴിവേകി. രതീഷ് കുമാർ പല്ലവി കലാകാരന്മാരെ ആദരിച്ചു