അകക്കണ്ണിന്റെ സംഗീതത്തിൽ അലിഞ്ഞു ചേർന്ന് പെരുഞ്ചെല്ലൂർ. വയലിൻ തന്ത്രികളിൽ മാന്ത്രിക വിരൽ സ്പർശം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച് വിഖ്യാത വയലിനിസ്റ്റ് ഡോക്ടർ എം. ചന്ദരശേഖരൻ പെരുഞ്ചെല്ലൂർ സംഗീതസഭയെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചു. അനന്തമായ ആനന്ദത്തെ പ്രദാനം ചെയ്യുന്ന വിശ്വസംഗീതം വയലിൻ തന്ത്രികളിലൂടെ പെയ്തിറങ്ങിയപ്പോൾ പെരുഞ്ചെല്ലൂരിലെ ആസ്വാദകർക്കത് അവിസ്മരണീയമായ അനുഭവമായി. മണ്ണിന് വിണ്ണിന്റെ വരദാനമായി ഈശ്വരൻ നൽകിയ അമരസല്ലാപമാണ് സംഗീതമെന്ന് ആവർത്തിച്ച് വിളിച്ചോതുന്നതായിരുന്നു ഈ സംഗീതസന്ധ്യ. മകളും നർത്തകിയും പ്രശസ്ത സംഗീതജ്ഞയുമായ ജി. ഭാരതിയും വയലിനിൽ അദ്ദേഹത്തെ അനുഗമിച്ചു. . ബേഗഡ രാഗത്തിൽ വർണ്ണം, ഹംസദ്ധ്വനിയിൽ വാതാപി,ഹംസാനന്ദിയിൽ പാവനഗുരു, ശുദ്ധസീമന്ത രാഗത്തിൽ ജാനകീരമണ, ശുദ്ധസാവേരിയിൽ നവരാത്രി കീർത്തനം കദനകുതൂഹലത്തിൽ രഘുവംശസുധാ, ആഭേരിയിൽ ഭജരേ..തുടങ്ങിയ കൃതികൾ അതീവ ഹൃദ്യമായി അവതരിപ്പിച്ചു.ഓരോ രാഗത്തിന്റേയും ആത്മാവ് തൊട്ടറിഞ്ഞ സഞ്ചാരത്തിൽ ആസ്വാദകർ മതിമറന്നു ലയിക്കുകയായിരുന്നു. മൺമറഞ്ഞതും ജീവിച്ച്രിക്കുന്നതുമായ എത്രയോ സംഗീത കുലപതികൾക്കൊപ്പം എണ്ണമറ്റ വേദികളിൽ പക്കമേളമൊരുക്കുകയും സോളോ കച്ചേരി അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള മഹാനായ ഈ കലാകാരനെ ലോക കാഴ്ചദിനത്തിൽത്തന്നെ തളിപ്പറമ്പിലെ വേദിയിലെത്തിച്ച് പെരുഞ്ചെല്ലൂർ സംഗീതസഭ സംഗീതത്തോടും സമൂഹത്തോടുപ്രതിബദ്ധത വീണ്ടും തെളിയിക്കുകയായിരുന്നു. ചുറ്റും ഇരുൾ മാത്രം നിറയുമ്പോഴും മനസും ആത്മാവും സംഗീതത്തിന്റെ സഹസ്രനക്ഷത്ര ശോഭയാൽ പ്രകാശപൂരിതമാക്കുകയും ആ ശോഭ വയലിൻ കമ്പികളിലൂടെ ആസ്വാദകരിലേക്ക് പകരുകയും ചെയ്യുന്ന വിസ്മയമാണ് ഡോ. ചന്ദ്രശേഖരൻ. രണ്ടാം വയസിൽ മഞ്ഞപ്പിത്തം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിന് ബാല്യത്തിൽത്തന്നെ പിതാവിനേയും നഷ്ടമായി.തുടർന്ന് അമ്മ നിശ്ചയദാർഢ്യത്തോടെ മകനെ പ്രോത്സാഹിപ്പിക്കുകയും സംഗീതലോകത്ത് കൈ പിടിച്ച് നടത്തുകയും ചെയ്തപ്പോൾ ഡോ. എം ചന്ദ്രശേഖരൻ എന്ന അതുല്യ സംഗീത പ്രതിഭയെയാണ് ഭാരതത്തിന് ലഭിച്ചത്. ഏഴു പതിറ്റാണ്ടിലധികമായി തുടരുന്ന സംഗീത സപര്യ..ലോകത്തിന്റെ നാനാഭാഗത്തായി എണ്ണമറ്റ വേദികൾ..രാഷ്ട്രപതിയിൽ നിന്നുൾപ്പെടെ പുരസ്കാരങ്ങൾ..നിരവധി ആരാധകർ..അന്ധതയെ സംഗീതം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും കീഴടക്കി ലോകത്തിന് മാതൃകയായി ജൈത്രയാത്ര തുടരുകയാണ് ഈ അജയ്യ കലാകാരൻ. പെരുഞ്ചെല്ലൂരിലെ സംഗീതാസ്വാദകർക്ക് ഒരിക്കലും മറക്കാനാകാത്ത സംഗാത സായാഹ്നത്തിൽ മൃദംഗത്തിൽ ശ്രീ പി.വി.അനിൽകുമാറും ഘടത്തിൽ ശ്രീ കോട്ടയം ഉണ്ണിക്കൃഷ്ണനും ഉജ്ജ്വലമായ പക്കമേളമൊരുക്കി. വിജയ് നീലകണ്ഠൻ സ്വാഗതവും പി. വി. രാജശേഖരൻ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കളക്ടർ ടി. വി. സുഭാഷ് IAS മുഖ്യാതിഥി ആയിരുന്നു. വിനോദ് ചന്ദ്രൻ, വിനോദ് കുമാർ, ഡോ. ബിനു നമ്പ്യാർ, ശിവദാസ് കരിപ്പാൽ, ഡോ. കെ. ജെ. ദേവസ്സ്യ, മൊട്ടമ്മൽ രാജൻ, ഡോ വത്സലൻ എന്നിവർ സംസാരിച്ചു