പെരുഞ്ചെല്ലൂർ സംഗീത സഭയിൽ 'കൃഷ്ണ സ്വര' മാധുരി കൃഷ്ണ സംഗീതത്തിലലിഞ്ഞു പെരുഞ്ചെല്ലൂർ സംഗീതമഴ ചൊരിഞ്ഞു ടി.എം.കൃഷ്ണയുടെ വായ്പാട്ട് ------============= തളിപറമ്പ് : വ്യക്തമായ നിലപാടുകളിലൂടെ ഇന്ത്യൻ സംഗീതത്തിന്റെ ശബ്ദം ലോകത്താകമാനം പടർത്തിയ സംഗീതജ്ഞന്റെ നാദമാധുരിയായിരുന്നു ശനിയാഴ്ച നിറഞ്ഞത്. ക്ലാസ്സിക്കലോ സെമിക്ലാസിക്കല്ലോ നാടോടിയോ അനുഷ്ഠാനപരമോ ആയ പാട്ടുകളെല്ലാറ്റിനും തനതു വ്യക്തിത്വമുണ്ടെന്നു പറഞ്ഞു ആരാഷ്ട്രീയതയ്‌ക്കെതിരെ പാടിയ ബുദ്ധിയും ഹൃദയവും ഉള്ള കലാകാരന്റെ പാട്ടു കേൾക്കാൻ നാടൊന്നാകെ എത്തി. ടി എം കൃഷ്ണ പാടാൻ തുടങ്ങിയാൽ ആസ്വാദകർ ഒറ്റമനസോടെ സംഗീതത്തിൽ ലയിക്കുകയായി. പരമ്പരാഗത ശൈലിക്ക് പകരം രാഗവും താളവും മനസ്സും ശരീരവും ഒന്നായി തീരുന്ന അപൂർവ്വ ഗാനാലാപനത്തിനാണ് ആസ്വാദകർ സാക്ഷിയായത്. ഭക്തിയും ഭാവവും നിറഞ്ഞു തുളുമ്പുന്ന വിളംബര കാലത്തിലുള്ള ആലാപനം തരുന്ന സുപരിചിതനായ കൃഷ്ണയെ കേൾക്കാൻ പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരം തിങ്ങിനിറഞ്ഞിരുന്നു. ആസ്വാദകരെ ഒട്ടും നിരാശരാക്കാതെ, അവരെ കൂടുതൽ തന്നിലേക്കടിപ്പിച്ചു രാഗബാധിതനായി സ്വയം മറന്നു കൃഷ്ണ പാടി. ശ്രേഷ്ട സംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ കൃഷ്ണയുടെ ആലാപന മികവ് ആസ്വാദകർക്ക് ഓർമ്മയിലെന്നും തിളങ്ങി നിൽക്കുന്ന മഹിതാനുഭവമായി മാറി. സംഗീതത്തിന്റെ പതിവ് രീതികളെ പ്രതിരോധിച്ച് ആസ്വാദകർക്കിടയിൽ ഇടം നേടിയ ഈ കലാകാരന്റെ സംഗീതസന്ധ്യ സദസ്സ് നിറഞ്ഞ മനസ്സോടെ വരവേറ്റു. വയലിൻ തന്ത്രികളിൽ വിസ്മയം വിരിയിച്ച അക്കരെ എസ്‌. ശുഭലക്ഷ്മിയും, മൃദംഗത്തിൽ ഗംഭീര അലയൊലികൾ തീർത്ത കെ. വി. പ്രസാദ്, എൻ. ഗുരു പ്രസാദ് ഘടത്തിൽ അശോകൻ തംബുരു കൊണ്ടും പക്കമേളം ഒരുക്കി ശുദ്ധ സംഗീതത്തിന്റെ ഊർജത്തെ ശ്രോതാക്കളുടെ മനസ്സിൽ എത്തിച്ചു.