ലോക പ്രശസ്ത മാൻഡലിൻ വിദഗ്ധൻ യു. രാജേഷ് പെരുഞ്ചെല്ലൂരിൽ പെരുഞ്ചെല്ലൂരിൽ രാഗതന്ത്രികളിൽ മധുര ഗീതം തീർത്തു യു. രാജേഷ് തളിപ്പറമ്പ് : പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപത്തി ഒമ്പതാം കച്ചേരിയിൽ കർണ്ണാടക ശാസ്ത്രീയ സംഗീതത്തിലും ഫ്യൂഷൻ സംഗീതത്തിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ലോക പ്രശസ്ത മാൻഡലിൻ കലാകാരൻ യു.രാജേഷ് സ്വരങ്ങളെ ഒമനിച്ചും രാഗ ഭാവങ്ങളെ തഴുകി തലോടിയും മാൻഡലിൻ തന്ത്രികളിൽ നിന്ന് ദേവസംഗീതം ഒഴുക്കി, പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ എത്തി ചേർന്ന ആസ്വാദകർക്ക് മറക്കുവാൻ കഴിയാത്ത അനുഭവം സമ്മാനിച്ചു. വിരലുകളും തന്ത്രികളും തമ്മിലുള്ള ലയഭാവം മാൻഡലിനിലൂടെ ആസ്വാധക മനസിലേക്ക് പരന്നൊഴികിയപ്പോൾ അവർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മനമറിഞ്ഞും അറിയാതെയും ഉണ്ടായ മനോധർമപരമായ ആവിഷ്കാരങ്ങൾ സദസിനെ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി. മഹാഗണപതിം മനസാസ്മരാമി, ക്ഷീര സാഗര ശയന, പാവന ഗുരു, വന്ദനമു രഘു നന്ദന, രഘുവംശ സുധ, ഹിമഗിരി തനയെ, കൃപയാ പാലയ ശൗരേ, ഭോ ശംഭോ ശിവ ശംഭോ, കൃഷ്ണാ നീ ബേഗനെ, ധനശ്രീ രാഗത്തിലെ തില്ലാന എന്നീ കീർത്തനങ്ങൾ മഹാവാദ്യമായ തബലയിൽ മഹേഷ് മണിയും മൃദംഗത്തിൽ ശ്രീഹരിയും ഒപ്പം ചേർന്നപ്പോൾ പ്രതിഭകളുടെ സംഗമം കൂടിയാണ് ദർശിച്ചത്. തനിയാവർത്തന സമയത്തു ഇരുവരും കൊട്ടിക്കയറി വിസ്മയ പെരുമഴ പെയ്തൊഴുകിയ നിമിഷങ്ങളായിരുന്നു. അതുല്യമായ ഒരു കച്ചേരി അനുഭവം സൃഷ്ടിക്കാൻ യു.രാജേഷിനൊപ്പം ഇവർക്ക് സാധിച്ചു. വിജയ് നീലകണ്ഠൻ സംസാരിച്ചു. കലാകാരാൻമാരെ കമ്പനി സ്വാമിയുടെ ചെറുമകൻ വെങ്കിടാചലപതി ആദരിച്ചു .