പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകരെ ആനന്ദ നിർവൃതിയിലാറാടിച്ച് പ്രിൻസ് രാമവർമയുടെ കച്ചേരി
പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപത്തി ഒന്നാം കച്ചേരി പ്രിൻസ് രാമവർമ്മയുടെ കണ്ഠത്തിൽ നിന്നു അനർഗളം പ്രവഹിച്ച സംഗീതത്താൽ ഗംഭീരമായി. കഴിഞ്ഞ ഏഴു വർഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്‌ത സംഗീത സാമ്രാട്ടുകളുടെ വിസ്മയകരമായ 61 സംഗീതസദസ്സുകൾക്ക് 'പെരിഞ്ചല്ലൂർ സംഗീതസഭ'' ഇതിനകം രംഗവേദിയായി മാറി. ചരിത്രനഗരമായ തളിപ്പറമ്പിൽ ശുദ്ധസംഗീതത്തിന്റെ ആസ്വാദനത്തിനും , പ്രചാരത്തിനും പുറമെ കാലദേശാന്തരങ്ങൾക്കതീതമായി ജാതിമത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുമിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് 2016 ൽ പ്രവർത്തനമാരംഭിച്ചതാണ് പെരുഞ്ചെല്ലൂർ സംഗീത സഭ. വ്യാവസായിക തലങ്ങളിലും ,സാമൂഹ്യ - സാംസ്കാരിക മേഖലകളിലും ആദ്ധ്യാത്മിക രംഗത്തും വരെ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക തളിപ്പറമ്പിന്റെ ശിൽപ്പി'' എന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്‌ഠ അയ്യരുടെ പാവനസ്‌മരണക്കായാണ് തളിപ്പറമ്പിൽ പെരുഞ്ചെല്ലൂർ സംഗീതസഭ സ്ഥാപിതമായത് . ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവുമായി പ്രിൻസ് രാമ വർമ തമ്പുരാൻ സംഗീതാസ്വാദകർക്ക് ശുദ്ധ സംഗീതത്തിന്റെ കരുത്തറിയിച്ചു കൊണ്ട് അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയത് നുകരാൻ അനേകർ സാക്ഷിയായി. ഡോ.എം.ബാലമുരളീകൃഷ്ണ രചിച്ച, 'അമ്മ ആനന്ദ ദായിനി എന്ന ഗംഭീരനാട്ട രാഗത്തിലെ പദവർണത്തോടെ കച്ചേരി ആരംഭിച്ചു. കാമവർദ്ധിനി രാഗത്തിലെ അപൂർവ കീർത്തനമായ നീലകണ്ഠ ശിവന്റെ ഗജാനന ഗണേശ്വരനെ ഏറെ മനോരഞ്ജകമായി. നാതവരാംഗിണി രാഗത്തിലെ കൃപാല വാല കലാധര (ത്യാഗരാജ സ്വാമി), സരസീരുഹ നാഭ (ദേശാക്ഷി രാഗം / മഹാരാജ സ്വാതി തിരുനാൾ). ഹരിയും ഹരനും (എം. ഡി. രാമനാഥൻ/അട്ടാനാ രാഗം), ഇന്ദരിക്കി അഭയമ്പു (അന്നമാചാര്യർ - ഹരികാംഭോജി രാഗം), ഗന്ധമു പുയ്യരുഗ (ത്യാഗരാജ സ്വാമി - പുന്നഗവരാളി രാഗം), തുളസിദാസ് ഭജൻ ശ്രീ രാമചന്ദ്ര കൃപാലു, വര ലീല ഗാന ലോല (ത്യാഗരാജ സ്വാമി - കൃഷ്ണ ഭജൻ), ഗരുഡ ഗമന രാര (ഭദ്രാചല രാമദാസാ - സൂര്യകാന്തി രാഗം) എന്നീ കീർത്തനങ്ങൾ ആലപിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മായം കലരാത്ത ആലാപനത്തിനു പിന്നിലെ രഹസ്യങ്ങൾ ആസ്വാദകർക്ക് ഭക്തി ഭാവത്തോടെ സമ്പൂർണ്ണ ആനന്ദം ചൊരിഞ്ഞു . മുത്തുസ്വാമി ദീക്ഷിതർ പരമശിവനെ കീർത്തിച്ചു കൊണ്ടുള്ള ശുഭപന്തുവരാളി രാഗത്തിലെ പശുപതീശ്വരം മുഖ്യ കൃതിയാണ് ആലപിച്ചതോടെ വിദൂര പ്രദേശത്തു നിന്ന് കൂടി എത്തിച്ചേർന്നവർക്കു ശീതളാനുഭവം പകർന്നു. ആത്മവിശ്വാസമാര്‍ന്ന നാദങ്ങളൊരുക്കിയ തനിയാവർത്തനം സദസ്സിന് ഹരം പകര്‍ന്നു. ഡോ. ടി. വി. ഗോപാലകൃഷ്ണൻ ചിട്ടപ്പെടുത്തിയ തില്ലാനയും, ഭദ്രാചാല രാമദാസരുടെ രാമചന്ദ്രായ എന്ന മംഗളം പാടി മൂന്ന് മണിക്കൂർ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണു. പെരുഞ്ചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ കലാകാരന്മാരെ പരിചയപ്പെടുത്തി സംസാരിച്ചു .