ജയന്തിന്റെ വേണുഗാനത്തിൽ അലിഞ്ഞു പെരുഞ്ചെല്ലൂർ
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തു
പെരുഞ്ചെല്ലൂരിൽ സുഷിരവാദ്യത്തിന്റെ നാദ സായാഹ്‌നം
മുരളീരവത്തിൽ മയങ്ങി പെരുഞ്ചെല്ലൂർ .
---------------------------------
പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച മണിക്കൂറുകൾ. സപ്തസ്വരങ്ങളുടെ രാഗ വിസ്താരങ്ങൾ അനുഭവഭേദ്യമായപ്പോൾ അമരക്കാരന്റെ താളത്തിനൊപ്പം ഉന്മാദ നടമാടുകയായിരുന്നു പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അമ്പത്തിഏഴാം കച്ചേരി.
ലോകം ആരാധിക്കുന്ന പുല്ലാങ്കുഴലിൽ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേർസാക്ഷികളായി ഒരിക്കൽ കൂടി മാറുകയായിരുന്നു പെരുഞ്ചെല്ലൂർ സംഗീത സഭ.
സംഗീതത്തിലെ മഹാ പ്രതിഭകളുടെ സാന്നിദ്ധ്യവും
പ്രകടനവും കൊണ്ട് എന്നും സമ്പന്നമാണ് പെരുഞ്ചെല്ലൂർ സംഗീത സഭ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ആസ്വാദകരാണ് ഇവിടെ ഓരോ പരിപാടിയും ആസ്വദിക്കാനായി എത്തുന്നത്.
പതിവ് തെറ്റാതെ ഇക്കുറിയും കർണ്ണാടക സംഗീത രംഗത്തെ പുതു തലമുറയിലെ ഒരുജ്ജ്വല പ്രതിഭ തന്നെയാണ് പെരുഞ്ചെല്ലൂരിന്റെ ഹൃദയം കീഴടക്കാനെത്തിയത്.
കർണ്ണാടക സംഗീതരംഗം ദർശിച്ച ഏറ്റവും മഹാനായ പുല്ലാങ്കുഴൽ വിദ്വാനായിരുന്ന T. R. മഹാലിംഗം എന്ന മാലിയുടെ ശിഷ്യപരമ്പരയിൽപ്പെട്ട വിദ്വാൻ ശ്രീ ജെ. എ. ജയന്ത് പുല്ലാങ്കുഴലിൽ തീർത്ത നാദധാരയിൽ പെരുഞ്ചെല്ലൂരിലെ സംഗീതാസ്വാദകർ സ്വയം മറന്നു. ജനപ്രിയ രാഗങ്ങളിലൂടെയും സങ്കീർണ്ണ രാഗങ്ങളിലൂടെയും സഞ്ചരിച്ച് കൃതികളിലൂടെയും മനോധർമ്മത്തിലൂടെയും ആസ്വാദകരുടെ മനം കവർന്ന കച്ചേരി സംഗീതാസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായി.
പ്രശസ്ത വയലിൻ വിദ്ധ്വാൻ തിരുവനന്തപുരം എൻ സമ്പത്ത്, മൃദംഗ വിദ്വാൻ പാലക്കാട് കെ.എസ്. മഹേഷ് കുമാർ എന്നിവർ ചേർന്നൊരുക്കിയ പക്കമേളം കച്ചേരിയുടെ മാറ്റ് കൂട്ടി.
നാട്ട രാഗത്തിലുള്ള മഹാഗണപതിം എന്ന കൃതിയോടെയാണ് കച്ചേരി ആരംഭിച്ചത്.
കല്യാണി രാഗത്തിൽ ഏതാവുന്നറയും, മദ്ധ്യമാവതിയിൽ രാഗം, താനം, പല്ലവിയും അതിഗംഭീരമായി വിസ്തരിച്ചു.
കൂടാതെ കാനഡയിൽ മാമവ സദാ ജനനി, രവിചന്ദ്രികയിൽ നിരവധി സുഖദ, കുന്തളവരാളിയിൽ ഭോഗീന്ദ്ര ശായിനം , നളിനകാന്തിയിൽ മനവിനാ ള കിം, രേവതിയിൽ ഭോ ... ശംഭോ , സിന്ധു ഭൈരവിയിൽ വെങ്കടാചലനിലയം എന്നീ കൃതികളും അവതരിപ്പിച്ചു.
കച്ചേരി അവതരിപ്പിച്ച പ്രതിഭകളെശ്രീ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ ആദരിച്ചു.