*രാഗതന്ത്രികളിൽ നാദ സഞ്ചാരം തീർത്തു ഹരികൃഷ്ണൻ മൂഴിക്കുളം* *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ കർണാടിക് സംഗീതലോകത്തെ യുവ ശബ്ദം ഹരികൃഷ്ണൻ മൂഴിക്കുളം ശുദ്ധസംഗീതത്തെ കരുത്തറിയിച്ചു. സ്വാമി നിന്നുകോരി എന്ന ശ്രീരാഗ വർണത്തോടെ കച്ചേരി ആരംഭിച്ചു. തുടർന്ന് നാട്ട രാഗത്തിൽ ഉള്ള സരസീരുഹാസനപ്രിയേ എന്ന കീർത്തനം ആലപിച്ചു. നവരാത്രി അഞ്ചാം ദിവസം ദീക്ഷിത കൃതിയായ ഭൈരവി രാഗത്തിൽ ഉള്ള ജനനി മാമവ എന്ന കൃതിയാണ് മുഖ്യ കൃതി ആയി ആലപിച്ചത്. കീർത്തനങ്ങൾ ആലപിച്ചു കഴിഞ്ഞപ്പോൾ ആസ്വാദകർ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു. യുവ കലാകാരന്മാരായ വയലിനിൽ വി. എസ്. ഗോകുൽ, മൃദംഗത്തിൽ അക്ഷയ് ആനന്ദ്, മോർസിങ്ങിൽ പി. രാജീവ് ഗോപാൽ കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു.