പെരുഞ്ചെല്ലൂരിൽ മുരുകദാസിന്റെ സംഗീതാർച്ചന അറിവിന്റെയും അക്ഷരത്തിന്റെയും ദേവതയായ സരസ്വതിയെ പ്രാർത്ഥനയും കീർത്തനങ്ങളും കൊണ്ട് ആർട്ട്‌ ഓഫ് ലിവിങ് സുമേരു സന്ധ്യ ഇന്റർനാഷണൽ സംഘത്തിലെ പ്രശസ്ത ഗായകൻ മുരുകദാസ് ചന്ദ്ര നിറദീപങ്ങൾ തെളിഞ്ഞു കത്തുന്ന പെരുഞ്ചെല്ലൂർ സംഗീത സഭ വേദിയിൽ നാദവും സംഗീതവും, ഭക്തിയും സംഗീതവും, മനസും സംഗീതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി ഭജന കീർത്തനങ്ങൾ ആലപിച്ചു. രഞ്ജനി രാഗത്തിൽ ചിട്ടപ്പെടുത്തിയ അഭിരാമി ഭട്ടർ ധനം തരും കൽവി തരും എന്ന ശ്ലോകത്തോടെ ഭജന സന്ധ്യക്ക് തുടക്കമിട്ടു. ദേവി ദേവി ത്രിപുരാംബ, വന്ദേ ഭുവനേശ്വരി എന്നീ ഭജൻ കൃതികൾ ഭക്തി ഭാവത്താൽ സമ്പുഷ്ടമായിരുന്നു. പതിനെട്ടു സിദ്ധരെയും സ്മരിച്ചു കൊണ്ട് സിദ്ധ പാരമ്പര്യത്തിലെ ഭാരതീയർ രചിച്ച കാക്കയ് സിറകിനിലെ, പാമ്പാട്ടി സിദ്ധരുടെ തെളിന്ത തെളിന്ത ആട് പാമ്പേ എന്നിവർ മുഴുവൻ സംഗീത പ്രേമികൾക്കും വേറിട്ട അനുഭവം ആയി. സ്വാഗതം കൃഷ്ണ, ഹരി സുന്ദര നന്ദ മുകുന്ദ, വനമാലി രാധ രമണ എന്നീ പാട്ടുകൾക്ക് സദസിൽ ഉള്ളവർ നൃത്തചുവടു കൊണ്ട് ഭഗവാൻ കൃഷ്ണനെ വരവേറ്റു. ശ്രീ രാജരാജേശ്വര കീർത്തിയോടൊപ്പം ബോലോ ബോലോ സബ് മിൽ ബോലോ, ശങ്കര ശിവ ശങ്കര, മഹാദേവ ശിവ ശംഭോ പാടിയതോടെ അത്താഴം കഴിഞ്ഞ് പാർവതി ദേവി സമേതം സങ്കൽപ്പം കരുണാദ്രമായ ഭക്തിയാൽ ആസ്വാദകരുടെ അർദ്ധ നിമീലിത നേത്രങ്ങൾ ഈറനണിഞ്ഞു. തബലയിൽ അനിൽ കൊയിലാണ്ടി, അഭിലാഷ് വള്ളിയൂർ (ഹാർമോണിയം ), സുരേഷ് കൊയിലാണ്ടി (റിഥം പാഡ് ), സതീഷ് (ഡോലക്) പ്രസാദ് മുള്ളൂൽ, ദിലീഷ്, ഡോ. തുളസി, സദാനന്ദൻ, ഷാജി, ചിത്ര, വിജിത എന്നിവർ ഭക്തിയുടെ തിരമാലകൾ ഒന്നൊന്നായി പെരുഞ്ചല്ലൂർ സംഗീത സഭയുടെ പാവന തീരത്ത് വന്ന് അലയടിച്ചു കൊണ്ടേയിരുന്നു . മുന്ന് മണിക്കൂർ നേരത്തേക്ക് മുരുകദാസ് ചന്ദ്ര, മറ്റ് സംഗീതജ്ഞരും ചേർന്ന് ഭാവ സമ്പുഷ്ടമായ ആലാപനത്താൽ ഭക്തിയുടെ അവാച്യമായ അന്തരീക്ഷം നീലകണ്ഠ അയ്യർ ഹാളിൽ സൃഷ്ടിച്ചെടുത്തു . സുബ്രമണ്യ സ്തുതി തന്തയ്ക്കു ഗുരു ആനവനെ, ഹരിവരാസനം പാടി ഭജൻ സന്ധ്യ അവസാനിപ്പിച്ചു.