സംഗീതപ്പെരുമയിൽ പെരുഞ്ചെല്ലൂർ
അക്ഷര ശുദ്ധിയും ആലാപനവും നാദവും ലയവും ഒരു പോലെ വശഗതമായ യഥാര്‍ഥ പ്രതിഭകളുടെ സംഘമായിരുന്നു പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അമ്പത്തിഅഞ്ചാം കച്ചേരി. പ്രശസ്ത സംഗീതജ്ഞൻ ചെന്നൈയിൽ നിന്നുള്ള കെ. ഭരത് സുന്ദർ വായ്പാട്ടിലും, വയലിനിൽ ആലങ്കോട് വി എസ് ഗോകുൽ, പാലക്കാട് ഹരി നാരായൺ മൃദഗത്തിലും ആസ്വാദകരെ സംഗീതത്തിൽ ആറാടിച്ചു.
ഭരത് സുന്ദർ ന്റെ നാദത്തിനു മുന്നിൽ വഴങ്ങാത്ത സംഗീത ശൈലികളില്ല; തലങ്ങളില്ല എന്ന് മൂന്ന് മണിക്കൂർ നീണ്ട കച്ചേരിയിൽ തെളിയിച്ചു.
ശുദ്ധ സംഗീതത്തിന്റെ ക്ലാസിക് തലത്തിലേക്കുയർന്ന ഉജ്ജ്വല ആലാപനത്തിലൂടെ
ഭരത് സുന്ദർ ആസ്വാദകരെ വിസ്മയിപ്പിച്ചു. ശ്രീരഞ്ജിനി രാഗത്തിൽ മാരു ബൽക, വരാളി രാഗത്തിൽ കാ വാ വാ , ദ്വിജാവന്തിയിൽ അഖിലാണ്ടേശ്വരീ, കീരവാണിയിൽ കലിഗിയുണ്ടേ തുടങ്ങിയ കൃതികളും , രാഗം താനം പല്ലവിയും വിരുത്തവും തില്ലാനയും എല്ലാം ചേർന്ന് മൂന്ന് മണിക്കൂർ പെരുംചെല്ലൂർ സംഗീത സഭയിൽ സംഗീത പ്പെരുമഴയായിരുന്നു.
ശുദ്ധസംഗീതത്തിന്റെ ചിട്ടകളിൽ ഉറച്ച് നിന്ന് ഭരത് സുന്ദർ അവതരിപ്പിച്ച കച്ചേരി അക്ഷരാർത്ഥത്തിൽ ആസ്വാദകർ മൂന്ന് മണിക്കൂറെങ്കിലും കോവിഡ് എന്ന മഹാമാരിയെ മറന്ന് സംഗീതത്തിൽ അലിഞ്ഞു ചേർന്നു. പി. വി. രാജശേഖരൻ, ബിജു.കെ. പി, വിജയ് നീലകണ്ഠൻ എന്നിവർ സംസാരിച്ചു.