ഗോകുലാഷ്ടമി ദിനത്തിൽ ഭജൻ സന്ധ്യ നാദവും സംഗീതവും, ഭക്തിയും സംഗീതവും, മനസും സംഗീതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി ഭജന കീർത്തനങ്ങൾ ഭഗവാൻ ശ്രീകൃഷ്ണന്റെ 5246 ജന്മദിനത്തിൽ പെരുഞ്ചെല്ലൂർ സംഗീത സഭയിൽ സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനി ഭജൻ സന്ധ്യ അവതരിപ്പിച്ചു. നാട്ട രാഗത്തിൽ ദീക്ഷിതരുടെ പ്രശസ്ത ഗണപതി സ്തുതിയായ മഹാഗണപതീം പാടി ഭജന സന്ധ്യക്ക് തുടക്കമിട്ടു. തുടർന്ന് പാടിയ അംബികേ ജഗദംബികേ (രീതി ഗൗള) , ലളിതദാസരുടെ പ്രശസ്തമായ പാവന ഗുരു ( ഹംസാനന്ദി) ,മാനസ സഞ്ചരേ ( ശാമ ) , നാനാടി ബ്രദുകു( രേവതി) തുടങ്ങിയ കൃതി ഭക്തി ഭാവത്താൽ സമ്പുഷ്ടമായിരുന്നു . രാഗാലാപനത്തോടെയും സ്വരസ്താരത്തോടെയും ശുഭപന്തുവരാളിയിൽ പുരന്ദരദാസരുടെ നീനേ അനാഥ ബന്ധു പാടിയപ്പോൾ കരുണാദ്രമായ ഭക്തിയാൽ ആസ്വാദകരുടെ അർദ്ധ നിമീലിത നേത്രങ്ങൾ ഈറനണിഞ്ഞു . തിലക് രാഗത്തിൽ വൃന്ദാവനദൊളു , ശ്രീരാഗത്തിൽ കരുണ ചെയ് വാനെന്തു ,യമൻ കല്യാണിയിൽ കൃഷ്ണാ നീ ബേഗനേ, തുമബിന് മോര് ( മീരാ ഭജൻ), കുറുഞ്ചി രാഗത്തിൽ കണ്ണൻ വരഹിൻട്ര നേരം എന്ന കാവടി ചിന്ത് , രാഗമാലികയായി അഷ്ടപദി പ്രളയപയോധിജലേ ...ഭക്തിയുടെ തിരമാലകൾ ഒന്നൊന്നായി പെരുഞ്ചല്ലൂർ സംഗീത സഭയുടെ പാവന തീരത്ത് വന്ന് അലയടിച്ചു കൊണ്ടേയിരുന്നു . മുന്ന് മണിക്കൂർ നേരത്തേക്ക് ശ്രീ. പ്രശാന്ത് പറശ്ശിനി തന്റെ ഭാവ സമ്പുഷ്ടമായ ആലാപനത്താൽ ഭക്തിയുടെ അവാച്യമായ അന്തരീക്ഷം നീലകണ്ഠ അയ്യർ ഹാളിൽ സൃഷ്ടിച്ചെടുത്തു . കാസർഗോഡ് ബലരാജിന്റെ വയലിനും , ബെളളിക്കോത്ത് രാജീവ് ഗോപാലിന്റെ മൃദംഗവും , കാഞ്ഞങ്ങാട് .പി . വിനീതിന്റെ ഘടവും ഭജന സന്ധ്യയെ അവിസ്മരണീയമാക്കി . Dr. P.K. അനിൽ കുമാർ സ്വാഗതവും , Adv. V.V. സദാനന്ദൻ കലാകാരന്മാരെ ആദരിച്ചു. പെരുഞ്ചെല്ലൂർ സംഗീതസഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ നന്ദി പറഞ്ഞു.