സംഗീത പെരുമഴയുമായി എടയാർ സഹോദരങ്ങൾ തളിപ്പറമ്പ് : മഴയെ തോൽപ്പിച്ച് സംഗീത പെരുമഴയുമായി എടയാർ സഹോദരന്മാർ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ നവരാത്രി സംഗീതോത്സവം വിസ്മയ ഭരിതമാക്കി. തളിപ്പറമ്പിനെ ആധുനികതയിലേക്കു നയിച്ച പ്രഭാശാലി ശ്രീ. പി. നീലകണ്ഠ അയ്യരുടെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പിൽ കെ. ഇ ശങ്കരൻ നമ്പൂതിരി, മനോജ് കെ. ഇ. നമ്പൂതിരി എന്നിവർ കച്ചേരി അവതരിപ്പിച്ചു. ആസ്വാദകർക്ക് പകർന്നു നൽകിയത് സംഗീതാമൃത രസം. ചിട്ടയൊത്ത സംഗീതത്തിന്റെ നേർപാതയിലൂടെ പാടി നിറഞ്ഞപ്പോൾ തലമുറകൾ കൈമാറിയെത്തിയ സംഗീതം സാർത്ഥമാകുന്നതിന്റെ പരമാനന്ദം നുകരുകയായിരുന്നു. ആരഭി രാഗത്തിൽ പ്രണവാകാരം സിദ്ധിവിനായകം എന്ന വെങ്കിട്ടസുബ്ബയ്യർ കൃതിയോടെ കച്ചേരി ആരംഭിച്ചു. ധർമ്മവതി രാഗത്തിലെ ദീക്ഷിതർ കൃതിയായ പരം ധാമവതി ജയതി എന്ന ദേവി സ്തുതി ആസ്വാദകരെ ആനന്ദിപ്പിച്ചു. ഖരഹരപ്രിയ രാഗത്തിലെ ത്യാഗരാജ കൃതി രാമ നീ സമാനമെവറു, സാരമതി രാഗത്തിൽ മോക്ഷമുഗലദാ പിന്നെ ആഭേരി രാഗത്തിൽ മൈസൂർ വാസുദേവാചാര്യർ കൃതി ഭജരേ രേ മാനസ എന്നീ ശ്രീരാമ സ്തുതികൾ സഹോദരന്മാരുടെ ആലാപനമാധുരിയുടെ അനർഘനിമിഷങ്ങൾ കൊണ്ട് അർത്ഥപൂർണ്ണമായ പാട്ടിന്റെ രാഗ ഭാവഭേദങ്ങൾ ഇവർ സ്വപ്നതുല്യം ആക്കി. മുഖ്യ കൃതിയായി ശ്യാമശാസ്ത്രിയുടെ ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയ സരോജദള നേത്രി നവരാത്രിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. ബാഗേശ്രീ രാഗത്തിലെ M. D. രാമനാഥൻ കൃതി സാഗരശയന വിഭോ, ആനന്ദഭൈരവി രാഗത്തിലെ നാരായണ തീർത്ഥർ കൃതി സാക്ഷാൽ മദന കോടി തുടങ്ങിയ കീർത്തനങ്ങൾ ആലപിച്ചു. പാട്ടിൽ ഒന്നായ സഹോദരന്മാർക്കൊപ്പം പാട്ടിനിഴകൾ തുന്നിച്ചേർത്ത പക്കമേളമൊരുക്കിയത് അതാതുരംഗത്തെ പ്രതിഭകൾ. വയലാ രാജേന്ദ്രൻ (വയലിൻ), Dr. ജയകൃഷ്ണൻ (മൃദംഗം), കാഞ്ഞങ്ങാട് വിനീത് (ഘടം)എന്നിവർ പക്കമേളമൊരുക്കി.