*സംഗീതമഴ ചൊരിഞ്ഞു കോട്ടക്കൽ രഞ്ജിത്ത് വാരിയർ* കർണ്ണാട സംഗീത വേദികളിൽ സ്ഫുടതയാർന്ന ആലാപനശൈലികൊണ്ട് വേറിട്ട് നിൽക്കുന്ന കോട്ടയ്ക്കൽ രഞ്ജിത്ത് വാരിയർ , പെരുംചല്ലൂർ സംഗീതസഭയുടെ നവരാത്രി സംഗീത ആർച്ചനയുടെ മൂന്നാം ദിവസത്തെ ധന്യമാക്കി. ശുദ്ധധന്യാസി രാഗത്തിൽ ശ്രീ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ ' ശ്രീ രാജമാതംഗി ' എന്ന ആദിതാള വർണ്ണത്തോടെ കച്ചേരിക്ക് തുടക്കമിട്ടു. തുടർന്ന് ത്യാഗരാജ സ്വാമികൾ ജഗൻ മോഹിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ' ശോഭില്ലു സപ്തസ്വര ' എന്ന പ്രശസ്ത കൃതി ആലപിച്ചു. ആന്ദോളിക രാഗത്തിൽ ത്യാഗരാജ കൃതി 'രാഗസുധാരസാ ..' , സുബ്ബയ്യ ശാസ്ത്രികളാൽ വിരചിതമായ 'ജനനീ നിനുവിനാ ( രീതി ഗൗള) , അമൃതവർഷിണിയിൽ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ 'സുധാമയി..' , കുന്ദളവരാളിയിൽ സ്വാതി തിരുനാളിന്റെ പ്രശസ്ത കൃതി 'ഭോഗീന്ദ്ര ശായിനാം..' എന്നിങ്ങനെ വ്യത്യസ്ത രാഗങ്ങളുടെ വർണ്ണരാജി വിരിയിച്ച് കൊണ്ട് ശ്രീ രഞ്ജിത് ആസ്വദകരെ വിസ്മയിപ്പിച്ചു. നവരാത്രി സംഗീതാർച്ചനയുടെ മൂന്നാം ദിനം കണക്കിലെടുത്ത് സാവേരി രാഗത്തിൽ 'ദേവി പാവനേ..' എന്ന സ്വാതി കൃതിയാണ് പ്രത്യേക അർച്ചനയായി ശ്രീ രഞ്ജിത് സമർപ്പിച്ചത് . വയലിനിൽ ശ്രീ .ഗണരാജ് കാർലെ സ്വരങ്ങളെ ഒന്നു വിടാതെ അനുഗമിച്ചത് പ്രത്യേക അനുഭവമായി . ശ്രി . പി.വി. അനിൽകുമാറിന്റെ മൃദംഗംവും കണ്ണൂർ സന്തോഷിന്റെ മുഖർശംഖ് ചേർന്ന് സൃഷ്ടിച്ച താള വിസ്മയവും തനിയാവർത്തനവും അവിസ്മരണീയമായിരുന്നു .