ശബ്ദ സൗന്ദര്യത്തിന്റെ അനന്യ ചാരുത അർപ്പിച്ച് ഡൽഹി മുത്തു കുമാർ തളിപ്പറമ്പ: ബെഗടാ, പന്തുവരാളി, കർണരഞ്ജിനി, ശ്രീരഞ്ജിനി, ബിലഹരി, കല്യാണി, രേവതി, ചാരുകേശി, ഹംസാനന്ദി, യമുനാകാല്യാണി എന്നീ സുന്ദര രാഗങ്ങളിലൂടെ ലളിത സുന്ദര ആലാപനത്തിലൂടെ പാരമ്പര്യം കൈവിടാതെ നിത്യഹരിത കീർത്തനങ്ങൾ ശബ്ദഗാoഭീര്യത്തിന്റെ മെമ്പൊടി ചേർത്ത് കർണ പുടങ്ങളിലേക്കൊഴുകിയെത്തിയപ്പോൾ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ സംഗീത സന്ധ്യക്ക്‌ ഒളിമങ്ങാത്ത സൂര്യശോഭയായി. പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ യുവ കലാകാരന്മാരിൽ ശ്രദ്ധേയമായ വയലിനിൽ ശ്രീറാം ശ്രീധരനും, മൃദംഗതിൽ നൊച്ചൂർ നാഗരാജും ചേർന്നപ്പോൾ കച്ചേരി ഗംഭീരമായി. കരൂർ ദേവുഡു അയ്യർ ഈണം പകർന്ന ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ സാമി നിന്നെ കോരി എന്ന വർണത്തോടെ കച്ചേരി ആരംഭിച്ചു. മുത്തുസ്വാമി ദിക്ഷിതരുടെ ബേഗഡ രാഗത്തിലെ വല്ലഭാ നായകസ്യ, സരസ്വതി ദേവിയെ കുറിച്ച് പുളിയൂർ ദൊരൈസ്വാമി അയ്യരുടെ സരസീരുഹാസന പ്രിയേ, തുടർന്ന് ശിവാനന്ദ കാമവർദ്ധിനി, വാഞ്ചതോനുന വഗലു തേൽപാവേ അംബ, സോഗസുഗാ മൃദംഗ, പരിദാനമേചിതെ പാലിന്തുവെ മോ, പങ്കജ ലോചന പാഹി മുരാരി , ആരഭിമാനം വൈറ്റാദരിപ്പാർ, എലെ മനവേ മുരാരിയനെ കൊണ്ടാടു, പുള്ളിൻ വായ് കീന്ദനായി എന്ന വിരുത്തം, ആലോകയെ ശ്രീ ബാലകൃഷ്ണം, തുള്ളുമദ വേൽകൈ കനയ്യാലെ എന്നീ കീർത്തനങ്ങളുടെ തിരഞ്ഞെടുപ്പിൽ നടത്തിയ കണിശത കച്ചേരിയെ സ്വപ്ന സമാനമാക്കി. ത്യാഗരാജ സ്വാമി യമുന കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഹരിദാസുലു വേടലെ എന്ന കീർത്തനം മറ്റ് ഹരി ഭക്തർക്കൊപ്പം രാവിലെ തിരുവയ്യരു വീഥികളിൽ ആലപിച്ചിരുന്നതാണ്.ഈ കൃതിയോടെ കച്ചേരി അവസാനിപ്പിച്ചു. വിജയ് നീലകണ്ഠൻ സംസാരിച്ചു. കമ്പനി സ്വാമിയുടെ ചെറുമകൻ അരുൺ ഹരി കലാകാരന്മാരെ ആദരിച്ചു