പ്രണയാർദ്രമായി പെരുഞ്ചെല്ലൂരിലെ സായാഹ്നം രാഗ തന്ത്രികളിൽ ദേവഗീതം ; വിസ്മയ ചെപ്പുതുറന്ന് ദമ്പതികൾ വീണയും മൃദംഗവും ഘടവും രാഗതന്ത്രികളിൽ തീർത്ത അനുഭൂതി പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 52 ആം കച്ചേരി ഭാവ ദീപ്തമാക്കി. തുകൽ വാദ്യമായ മൃദംഗത്തിൽ വിദ്വാൻ പുത്തൂർ നിക്ഷിതും വീണയിൽ വിദുഷി വൈ .ജി. ശ്രീലതയും പ്രണയ രാഗങ്ങൾ തീർത്തപ്പോൾ പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സായാഹ്നം പ്രണയാർദ്രമായി. പി. നീലകണ്ഠ അയ്യർ സ്മാരക ഹാളിൽ നടക്കുന്ന കച്ചേരിയിലൂടെയാണ് പ്രണയമഴ പെയ്തിറങ്ങിയത്. നിക്ഷിതും ശ്രീലതയും അവരുടെ സംഗീതോപകരണങ്ങളിൽ മാന്ത്രികവിരലുകൾ കൊണ്ട് വിസ്മയം തീർക്കുമ്പോൾ അത് സംഗീതസഭയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവമായി. പ്രശസ്ത ഘടം വിധ്വാൻ വാഴപ്പള്ളി കൃഷ്ണകുമാർ ഇരുവർക്കും മികച്ച പിന്തുണ നൽകിയതോടെ രാഗപ്രവാഹത്തിൽ അലിയുകയായിരുന്നു ശ്രോതാക്കൾ. ആത്മാവിൽ നിറഞ്ഞ സംഗീതം കൊണ്ട് ഒരേ ആത്മാവായിത്തീർന്ന സംഗീത ദമ്പതികളുടെ സംഗീത പരിപാടി പെരുഞ്ചെല്ലൂരിന് മറക്കാനാവാത്ത സംഗീത സമ്മാനമായി. സംഗീതത്തിലൂടെ സ്നേഹിച്ച് ഒന്നായവരാണ് വിദ്വാൻ നിക്ഷിത്തും വിദുഷി വൈ.ജി.ശ്രീലതയും. പ്രശസ്ത ഗായികയും നർത്തകിയും വീണാ വിദുഷിയുമായ വൈ.ജി. ശ്രീലത വീണയിലും ഭർത്താവ് നീക്ഷിത് മൃദംഗത്തിലും നാദ താള വിസ്മയം തീർത്തപ്പോൾ പെരുഞ്ചെല്ലൂരിലെ സംഗീത പ്രേമികൾക്ക് മികച്ചൊരു സംഗീതാനുഭവമാണ് സമ്മാനിച്ചത്. വസന്തരാഗത്തിലുള്ള വർണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. നാട്ട രാഗത്തിൽ ദീക്ഷിതർ കൃതിയായ മഹാഗണപതിം , ലവംഗി രാഗത്തിൽ ഡോ. ബാലമുരളീകൃഷ്ണ രചിച്ച ഓം കാരാകാരിണീ, ആനന്ദഭൈരവിയിൽ ശ്യാമശാസ്ത്രി കൃതിയായ മരിവേരെ ഗതി, ഹംസനാദത്തിൽ ത്യാഗരാജ കൃതിയായ ബണ്ടു രീതി, രാഗമാലികയിൽ രാഗം താനം പല്ലവി, സിന്ധു ഭൈരവിയിൽ വിശ്വേശ്വര, മാണ്ട് രാഗത്തിൽ തില്ലാന എന്നിവ അതീവ ഹൃദ്യമായി അവതരിപ്പിച്ചു. ശ്രീലതയുടെ ആദ്യ ഗുരു അമ്മ വൈ. ജി. പരിമള മുഖ്യാതിഥി ആയിരുന്നു. എ. മഹേഷ്‌കുമാർ - രവീണ രാഘവൻ ദമ്പതികൾ കലാകാരന്മാരെ ആദരിച്ചു.