ഏതൊരു പ്രദേശത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ മഹാനായ ഒരു മനുഷ്യന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും പ്രവര്‍ത്തിച്ചതായി കാണാം. തളിപ്പറമ്പ് നഗരത്തിന്റെ വികസനചരിത്രത്തിലും ഒരു കാലത്ത് നാടിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത ഒരു വ്യക്തിയുണ്ടായിരുന്നു. 'കമ്പനിസ്വാമി' എന്ന് നാട്ടുകാര്‍ ആദരങ്ങളോടെ വിളിച്ചിരുന്ന ശ്രീ. പി. നീലകണ്ഠ അയ്യര്‍. തളിപ്പറമ്പിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയിലൂന്നിയായിരുന്നു സ്വാമി ഓരോ സംരംഭവും പടുത്തുയര്‍ത്തിയത്. 1894ല്‍ പാലക്കാട്ടെ പരശുരാമ പട്ടരുടേയും നാരായണി അമ്മാളുടേയും അഞ്ച് പെണ്‍മക്കള്‍ക്കിടയില്‍ ആറാമത്തെ മകനായി ജനിച്ച മഹാബലന്‍ എന്ന കുട്ടിയാണ് യുവത്വത്തിന്‍റെ പ്രസരിപ്പില്‍ പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ (തളിപ്പറമ്പ്) വ്യാപാര സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്തി സഹജീവിതങ്ങള്‍ക്ക് സ്വാശ്രയത്വം നല്‍കിയ നീലകണ്ഠ അയ്യര്‍. അച്ഛന്‍ താമസം മാറ്റിയ കണ്ണൂര്‍ ജില്ലയിലെ കോടോളിപ്രത്തു നിന്ന് തളിപ്പറമ്പില്‍ വേരുകളുള്ള ഗൗരിഅമ്മാളുമായുള്ള വിവാഹത്തോടെ അയ്യര്‍ കുടുബം തളിപ്പറമ്പിലെ കോളത്താഴിമഠം വാടകയ്ക്ക് വാങ്ങി താമസമായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് എഫ്.എ. പാസ്സായ അയ്യര്‍ പിന്നീട് കര്‍മമേഖലയിലേക്ക് തിരിയുകയായിരുന്നു. ഇതിനകം തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ആശ്രമത്ത് ചിറക്കടുത്ത 5 ഏക്കര്‍ സ്ഥലത്ത് കുമാരവിലാസ് എന്ന ഭവനമുണ്ടാക്കി അയ്യര്‍ താമസമുറപ്പിച്ചു. മഹാശിലായുഗകാലത്തു തന്നെ ജനവാസമുണ്ടായിരുന്ന അപൂര്‍വ പ്രദേശങ്ങളിലൊന്നായിരുന്നു ചെല്ലൂര്‍ എന്നും പെരുംചെല്ലൂര്‍ എന്നും മുന്‍കാലങ്ങളില്‍ അറിയപ്പെട്ട തളിപ്പറമ്പ്. അക്കാലത്ത് ചിറക്കല്‍ രാജാവിന്റെ കീഴിലുള്ള ജനസഞ്ചയത്തിന്‍റെ ആവാസദേശങ്ങളിലൊന്നായി തളിപ്പറമ്പ് അറിയപ്പെട്ടു. കുറേ നമ്പൂതിരി ഇല്ലങ്ങളും പാലക്കാട്ടു നിന്നും മറ്റും എത്തിപ്പെട്ട തമിഴ് ബ്രാഹ്മണരും മറ്റനേകം ഇതര ജാതി-മതസ്ഥരും ഉള്‍പ്പെട്ട തളിപ്പറമ്പില്‍ ഒരു തൊഴില്‍ സംരംഭം തുടങ്ങുന്നതിനെപ്പറ്റി നീലകണ്ഠ അയ്യര്‍ ചിന്തിച്ചു. ഈ ചിന്തയാണ് തന്‍റെ പത്തൊന്‍പതാം വയസ്സില്‍, 1913 ല്‍, നാല്‍പതോളം അമ്പര്‍ചര്‍ക്കകള്‍ സ്ഥാപിച്ച് തളിപ്പറമ്പില്‍ ഒരു നെയ്ത്തുകേന്ദ്രം സ്ഥാപിക്കാനിടയാക്കിയത്. ഇതോടെ കമ്പനി സ്വാമി സ്വന്തം തൊഴില്‍ സംരംഭങ്ങളുടെ നാന്ദി കുറിക്കുകയായിരുന്നു. ഭൂവുടമയുടെ കൃഷിയിടങ്ങളില്‍ കാര്‍ഷികവൃത്തി ചെയ്ത് അതില്‍ നിന്നും കൂലിയായി കിട്ടുന്ന ധാന്യങ്ങള്‍ സ്വരൂപിച്ച് അരിഷ്ടിച്ചു കഴിഞ്ഞിരുന്ന അന്നത്തെ അധ്വാനശീലര്‍ക്ക് പഞ്ഞമാസങ്ങള്‍ എന്നും പേടി സ്വപ്നമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കമ്പനിസ്വാമിയുടെ ചര്‍ക്കനെയ്ത്തു കേന്ദ്രം ദേശത്തു തന്നെ ഒരുണര്‍വുണ്ടാക്കിയ ആദ്യസംരംഭമായി മാറി. തളിപ്പറമ്പിലെ നാല്‍പതിലധികം കുടുംബങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഈ കമ്പനി പ്രാപ്തരാക്കി. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് തളിപ്പറമ്പുകാര്‍ നെയ്ത കൈത്തറി വസ്ത്രങ്ങള്‍ സിലോണിലേക്ക് പോലും കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ സ്വാമിക്ക് സാധ്യമായത് ചരിത്ര ദൗത്യം തന്നെയെന്നു പറയാം. അന്ന് പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യങ്ങള്‍ അപൂര്‍വമായിരുന്നു. എത്രായോ നാഴികകള്‍ നടന്നാണ് സാധാരണക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ നടത്തിവന്നത്,. ഇന്നത്തെപ്പോലെ വിവരങ്ങളറിയാനുള്ള ഫോണ്‍ സൗകര്യമില്ല. ഒരാള്‍ മരിച്ചാല്‍ പോലും ദൂരെയുള്ള ബന്ധുക്കളെ അറിയിക്കാൻ ഒന്നോ രണ്ടോ ദിവസങ്ങളെടുക്കുന്ന ടെലഗ്രാം സംവിധാനം മാത്രം. ബന്ധുക്കള്‍ക്ക് യഥാസമയം എവിടെയും എത്തിച്ചേരാന്‍ പൊതുവാഹനങ്ങളുടെ അപര്യാപ്തതയാല്‍ പലപ്പോഴും സാധിക്കാറില്ല. കാല്‍നടയായുള്ള യാത്രാദൂരങ്ങള്‍ മനുഷ്യായുസ്സിന്‍റെ നല്ലൊരു പങ്ക് അപഹരിച്ചുകൊണ്ടിരുന്നു. ഫലപ്രദമായി ഉപയോഗിക്കാവുന്ന മാനവക്രിയാശേഷിയുടെ മണിക്കൂറുകള്‍ എത്രയോ പാഴായിക്കൊണ്ടിരുന്നു. ഇതിന് ചെറിയൊരു പരിഹാരമായി സ്വാമി ഏഴോളം ബസ്സുകള്‍ വില കൊടുത്ത് വാങ്ങി ഒരു സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു. കുമാരന്‍ മോട്ടോര്‍ സര്‍വീസ് എന്ന പേരില്‍ തുടങ്ങിയ ഈ ബസ് സര്‍വീസ് തളിപ്പറമ്പിന്‍റെ വികസനപാതയിലെ രഥവേഗങ്ങളായി മാറി. അപക്വമായ യൗവനാരംഭകാലത്ത് അപൂര്‍വം വ്യക്തികളില്‍ മാത്രം കാണാറുള്ള പക്വമായ സാമൂഹ്യ വികസന വീക്ഷണം അയ്യരുടെ മുഖമുദ്രയായിരുന്നു. ചുറ്റുവട്ടമുള്ള സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനായി തളിപ്പറമ്പില്‍ ഒരു ബേങ്ക് തുടങ്ങുക എന്നതായിരുന്നു സ്വാമിയുടെ ചിന്തയിലുദിച്ച നവീനാശയം. സ്വര്‍ണപണയ വായ്പയിലാരംഭിച്ച് കാലക്രമത്തില്‍ ശക്തിപ്രാപിച്ച തളിപ്പറമ്പ് ബാങ്ക് എന്ന സ്വാമിയുടെ സ്വകാര്യ ബാങ്ക് പിന്നീട് വിജയാ ബാങ്കില്‍ ലയിക്കുകയാണുണ്ടായത്. സ്വാമിയുടെ സംരംഭകത്വ വീക്ഷണം ഇതുകൊണ്ടും അടങ്ങിയില്ല. ചിറവക്കിന് സമീപത്തുള്ള ലഭ്യമായ സ്ഥലങ്ങള്‍ ഭൂവുടമകളില്‍ നിന്നും അദ്ദേഹം വിലകൊടുത്ത് വാങ്ങി. അക്കാലത്ത് വയലില്‍ നിന്ന് കൊയ്തു കൊണ്ടുവരുന്ന നെല്‍ക്കതിരുകള്‍ മെതി കഴിഞ്ഞ ശേഷം പത്തായങ്ങളില്‍ സൂക്ഷിക്കുകയും ആവശ്വാനുസരണം സ്ത്രീകള്‍ ഉരലിലിട്ടു കുത്തി അരിയാക്കുകയും ചെയ്യുന്ന രീതിയായിരുന്നു നിലനിന്നത്. അധികം വരുന്ന നെല്ല് കര്‍ഷകര്‍ വില്‍ക്കും. അവ അന്യസംസ്ഥാനങ്ങളിലെ അരിമില്ലുകളിലയക്കുകയായിരുന്നു പതിവ്. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വാമി തളിപ്പറമ്പില്‍ യന്ത്രസംവിധാനങ്ങള്‍ കൊണ്ടുവന്ന് ഒരു അരിമില്ല് സ്ഥാപിച്ചു. കര്‍ഷകരില്‍ നിന്ന് നെല്ല് നേരിട്ട് സംഭരിച്ച് അരിയാക്കുകയും അധികം വരുന്ന അരി മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന വ്യാപാരം ഒരു പ്രദേശത്തിന്‍റെ സ്വാശ്രയത്വ ചിഹ്നമായി മാറി. അന്ന് വെളിച്ചെണ്ണയുണ്ടാക്കാന്‍ കാളയെ ഉപയോഗിച്ചുള്ള നാടന്‍ ചക്ക് ആയിരുന്നു പ്രചാരത്തിലിരുന്നത്. നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന നാളികേരങ്ങള്‍ പൂര്‍ണമായും എണ്ണയാക്കി മാറ്റാന്‍ കുറഞ്ഞ പ്രവര്‍ത്തനശേഷി മാത്രമുള്ള നാടന്‍ ചക്ക് അപര്യാപ്തമാണെന്ന് മനസ്സിലാക്കിയ സ്വാമി ഒരു യന്ത്രവല്‍കൃത എണ്ണയാട്ടു മില്‍ തളിപ്പറമ്പില്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ എണ്ണയുല്‍പാദനം വര്‍ധിക്കുകയും അന്യദേശത്തു നിന്ന് തളിപ്പറമ്പിലേക്ക് എണ്ണകൊണ്ടുവരേണ്ട സ്ഥിതി മാറുകയും ചെയ്തു. കേരളത്തില്‍ ഇസ്ലാമിന്‍റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നിന്ന് കപ്പല്‍ വഴി കൊടുങ്ങല്ലൂരിലെത്തിയ മുസ്ലിങ്ങളില്‍ കുറച്ചുപേര്‍ ധര്‍മ്മടത്ത് താമസമാക്കിയെന്നും അവരില്‍ നാല് കുടുംബങ്ങളെ ചിറക്കല്‍ തമ്പുരാന്‍റെ അനുമതിയോടെ തളിപ്പറമ്പില്‍ കൊണ്ടുവന്നെന്നും പറയപ്പെടുന്നു. മലഞ്ചരക്കുകളും മറ്റും വാങ്ങുകയും വില്‍പന നടത്തുകയും ചെയ്യുന്ന വാണിജ്യ രീതിയാണ് ഈ മുസ്ലിം കുടുംബാംഗങ്ങള്‍ പിന്‍തുടര്‍ന്നു വന്നത്. ഉല്‍പാദന സംരംഭങ്ങളില്‍ ഇവര്‍ തല്‍പരരായിരുന്നില്ല. ഒരു ദേശത്തിന്‍റെ സാമ്പത്തിക വികസനത്തിനാവശ്യം ഉല്‍പാദനകേന്ദ്രീകൃത സംരംഭങ്ങളാണെന്ന് തിരിച്ചറിഞ്ഞ സ്വാമി അടുത്തതായി തീപ്പെട്ടി നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിച്ച് തന്റെ പ്രയാണം തുടര്‍ന്നു. പഞ്ഞമാസങ്ങളില്‍ പട്ടിണി കിടക്കുന്ന കാര്‍ഷിക തൊഴിലാളികള്‍ക്കും മറ്റും തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഈ ഫാക്ടറി സഹായകരമായി. ഭവനനിര്‍മാണത്തിനും മറ്റും സാധാരണക്കാര്‍ അക്കാലത്തു ഉപയോഗിച്ചത് മണ്ണ് കുഴിച്ചെടുത്ത് കുഴച്ച് അച്ചിലിട്ട് ഉണക്കി നിര്‍മ്മിക്കുന്ന വലിയ മണ്‍കട്ടകളായിരുന്നു. ഉപയോഗവേളയില്‍ ഇവയിലധികവും പൊട്ടിപ്പോകുക പതിവാണ്. മഴക്കാലത്ത് ഇവയുടെ നിര്‍മാണം അസാധ്യവുമായിരുന്നു. ഓല മെടഞ്ഞ് മേഞ്ഞ വീടുകളുടെ മേല്‍ക്കൂര തീപിടിച്ച് അപകടം സംഭവിക്കുന്നതും സര്‍വസാധാരണമായിരുന്നു അന്ന്. ഈ പരിമിതികള്‍ പരിഹരിക്കാനായി കളിമണ്ണ് ചൂളയില്‍ ചുട്ടെടുത്ത് ശാസ്ത്രീയമായി ഇഷ്ടികയും മേല്‍കൂരയ്ക്കുപയോഗിക്കുന്ന ഓടും നിര്‍മിക്കുന്ന ഒരു ഫാക്ടറിയെപ്പറ്റി ചിന്തിച്ച സ്വാമി താമസിയാതെ ആ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കി. ഇതോടെ തളിപ്പറമ്പില്‍ സ്വകാര്യസംരംഭമായി ഒരു ടൈല്‍ ഫാക്ടറിയും നിലവില്‍ വന്നു. പരിയാരത്ത് ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് ക്രിയാത്മകമായും ഉപയോഗപ്രദമായും എന്തെങ്കിലും ചെയ്യണമെന്നായിരുന്നു സ്വാമിയുടെ അടുത്ത ആലോചന. അന്ന് പൊതു മാര്‍ക്കറ്റില്‍ പാല്‍ ലഭ്യമായിരുന്നില്ല. മിക്കവാറും വീടുകളില്‍ കറവയുണ്ടാകും. എവിടെയെങ്കിലും പശുക്കളില്ലാത്ത കുടുംബമുണ്ടെങ്കില്‍ അവര്‍ അടുത്ത വീടുകളില്‍ ചെന്ന് പാല്‍ വാങ്ങും. ഇങ്ങനെ പരസ്പര പൂരിതമായ ഒരു വിനിമയ ശീലം പാലിന്‍റെയും പശുക്കളുടെയും കാര്യത്തില്‍ നിലനിന്നുപോന്നു. അധികം വരുന്ന പാല്‍ മോരായും തൈരായും വെണ്ണയെ- ടുത്തും വീട്ടുകാര്‍ തന്നെ ഉപയോഗിച്ചു വന്നു. ആവശ്യത്തില്‍ കവിഞ്ഞുള്ള ഉല്‍പന്നം നശിപ്പിക്കുന്നതും സാധാരണ മായിരുന്നു. ഈ മേഖലയില്‍ ഇടപെടാന്‍ സ്വാമി തീരുമാനിച്ചു. അമ്പതോളം നല്ലയിനം പശുക്കളെ വാങ്ങി ആവശ്യാനുസരണം ജോലിക്കാരെ ശമ്പളത്തില്‍ നിയമിച്ച് ഒരു ഡയറി ഫാം തുടങ്ങി. വീടുകളില്‍ അധികം വരുന്ന പാല്‍ ഫാമില്‍ സ്വീകരിക്കുകകൂടി ചെയ്തപ്പോള്‍ പ്രദേശത്തുകാര്‍ക്ക് ഉപകാരപ്രദമായ ഒരു സംരംഭമായി ഡയറി ഫാം മാറി. പിന്നീടദ്ദേഹം ചിതറിക്കിടക്കുന്ന സ്ഥാപനങ്ങളെല്ലാം രണ്ട് റജിസ്റ്റേര്‍ഡ് കമ്പനികളുടെ കീഴില്‍ ഏകീകരിച്ചു. അന്ന് തളിപ്പറമ്പില്‍ വൈദ്യുതി എത്തിച്ചേര്‍ന്നിരുന്നില്ല. സ്വാമി 50 എച്ച്.പി. ഗ്യാസ് എന്‍ജിന്‍ കൊണ്ടുവന്ന് കമ്പനി സമുച്ചയത്തിനു വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിച്ചു തുടങ്ങി. ഇവിടെനിന്ന് കുമാരവിലാസിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുകയും പൊതുജനങ്ങള്‍ക്കായി വഴിയോരത്ത് തളിപ്പറമ്പില്‍ ആദ്യത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. കമ്പനിയില്‍ തൊഴിലാളികള്‍ക്ക് വിനോദോപാധിയായി ആദ്യത്തെ റേഡിയോ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. ബ്രാഹ്മണ സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു മഠം സ്ഥാപിക്കാന്‍ 12 സെന്റ് സ്ഥലവും കെട്ടിടവും ദാനം ചെയ്യുകയും ഒരു സൗജന്യ സംസ്കൃത പാഠശാല ആരംഭിക്കുകയും ചെയ്തു. അന്നത്തെ വിദ്യാഭ്യാസ രീതിയില്‍ സംസ്കൃതഭാഷ സുപ്രധാനമാകയാല്‍ ഏറെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിദ്യാലയം തുണയായിട്ടുണ്ട്. നാട്ടിലും നഗരത്തിലും വിപുലമായി കണ്ടുവരുന്ന വില്‍പന ഷോപ്പുകള്‍ നമ്മുടെ സാമ്പത്തിക മേഖലയെ ക്രിയാത്മകമായി പ്രചോദിപ്പിക്കുന്നില്ല എന്നത് സാമ്പത്തിക തത്വമാണ്. ഉല്‍പന്നാധിഷ്ഠിത സംരംഭങ്ങളാണ് ഒരു പ്രദേശത്തിന്റെ വികസനഗതിക്ക് ആക്കം കൂട്ടുന്നത്. നീലകണ്ഠ അയ്യര്‍ വൈവിധ്യാത്മകങ്ങളായ വ്യാപാര-സേവന-സംരംഭങ്ങളിലൂടെ തളിപ്പറമ്പിന്റെ മണ്ണില്‍ ആദ്യവികസനമാതൃകകളുടെ അനേകം വിത്തുകള്‍ പാകുകയാണ് ചെയ്തത്. ആ സ്ഥാപനങ്ങല്‍ പലതും കാലത്തെ അതിജീവിച്ചില്ലെങ്കിലും അവ ഒരു ദേശത്തെ ജനസഞ്ചയത്തിന്‍റെ വളര്‍ച്ചയെയും നാടിന്‍റെ വികസനത്തിനും ദിശാബോധം നല്‍കിയ ഘടനകളായിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന്, നാം എല്ലാ ജീവിത സൗകര്യങ്ങളും സ്വായത്തമാക്കിയ പരിഷ്കൃത സമൂഹമാണ്. ആധുനിക ലോകം നമുക്ക് സമ്മാനിച്ച എല്ലാ ജീവിതസൗഭാഗ്യവും അനുഭവിക്കുമ്പോള്‍ നാം മറന്നുകൂടാത്ത ചില പൂര്‍വപിതാക്കളുടെ മഹനീയ നാമം ഓരോ ദേശചരിത്രത്തിന്റെ ഏടുകളിലും ഒളിഞ്ഞു കിടപ്പുണ്ടാകും. തളിപ്പറമ്പിന്റെ വികസനചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട, കല്‍പാന്തകാലത്തോളം ഓര്‍ക്കപ്പെടേണ്ട, മഹനീയനാമമാണ് പി. നീലകണ്ഠ അയ്യരുടേത്.
വത്സന്‍ അഞ്ചാംപീടിക
Back to articles