തളിപ്പറമ്പ്: നൂറുവര്‍ഷം മുമ്പ് തളിപ്പറമ്പില്‍ വികസനമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ നീലകണ്ഠഅയ്യര്‍ എന്ന കമ്പനിസ്വാമിയുടെ 122-ാം ജന്മവാര്‍ഷികം ഇന്നും നാളെയുമായി നടക്കും. സ്വാമിയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരകമന്ദിരത്തിന്‍റെ പ്രവേശന ചടങ്ങുകളും ഇതിന്‍റെ ഭാഗമായി നടക്കും. തളിപ്പറമ്പ് അരവത്ത് ഭൂതനാഥക്ഷേത്രത്തിന് സമീപത്തായിട്ടാണ് സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ കമ്പനിസ്വാമിയുടെ പ്രതിമ, പൂജാമുറി എന്നിവയും ഭജന, പ്രഭാഷണം എന്നിവ നടത്താനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരുടെ കല്യാണച്ചടങ്ങുകള്‍ക്കും ഹാള്‍ വിട്ടുനല്‍കും. 1894 ല്‍ പാലക്കാട് ജനിച്ച നീലകണ്ഠ അയ്യര്‍ അച്ഛന്‍ കണ്ണൂരിലെ കോടോളിപ്രത്ത് താമസം തുടങ്ങിയതോടെയാണ് കണ്ണൂരിലെത്തിയത്. തളിപ്പറമ്പിലെ ഗൗരി അമ്മാളിനെ വിവാഹം ചെയ്തശേഷം തളിപ്പറമ്പ് ചിറക്ക് സമീപം കുമാരവിലാസ് എന്ന വീട്ടില്‍ താമസം തുടങ്ങി. 1923 ല്‍ നാല്പ്പതോളം ചര്‍ക്കകള്‍ സ്ഥാപിച്ച് ആദ്യത്തെ നെയ്ത്തുകേന്ദ്രത്തിന് തുടക്കമിട്ടത്. ഇവിടെനിന്നും ഉത്പാദിപ്പിച്ച വസ്ത്രങ്ങള്‍ അന്ന് സിലോണിലേക്കു കയറ്റുമതി ചെയ്തിരുന്നു. ഏഴോളം ബസുകള്‍ വാങ്ങി തളിപ്പറമ്പില്‍നിന്നും കുമാരന്‍ മോട്ടോര്‍ സര്‍വ്വീസ് എന്ന പേരില്‍ ബസുകളും നിരത്തിലിറക്കി. തളിപ്പറമ്പ് ബാങ്ക് എന്ന പേരില്‍ ആദ്യത്തെ സ്വകാര്യബാങ്കും ആരംഭിച്ചു. ആദ്യത്തെ നെല്ല്കുത്ത് മില്ല്, യന്ത്രവല്‍കൃത എണ്ണയാട്ടുമില്ല്, ഓട് ഫാക്ടറി, ഡയറിഫാം, തീപ്പെട്ടിക്കമ്പനി എന്നിവ സ്ഥാപിച്ചതിനു പുറമെ 50 എച്ച.പി.ഗ്യാസ് എന്‍ജിന്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ഇതില്‍നിന്നുള്ള വൈദ്യുതി കൊണ്ട് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. കമ്പനി തൊഴിലാളികള്‍ക്കുവേണ്ടി റേഡിയോ നിലയവും ഉണ്ടാക്കി. തളിപ്പറമ്പില്‍ ആദ്യമായി ഗൗരി എന്ന പേരില്‍ ഓട്ടോറിക്ഷ ഇറക്കിയും കമ്പനിസ്വാമി തന്നെ. പ്രദേശത്തെ ബ്രാഹ്മണസമൂഹത്തിന്‍റെ ഉന്നമനത്തിനായി ഒരു മഠം സ്ഥാപിക്കാന്‍ 12 സെന്‍റ് സ്ഥലവും കെട്ടിടവും ദാനം ചെയ്യുകയും അവിടെ സൗജന്യ സംസ്കൃത പാഠശാല ആരംഭിക്കുകയും ചെയ്തു. 1978 ഫെബ്രുവരി 15 നാണ് കമ്പനിസ്വാമി നിര്യാതനായത്. ജന്മവാര്‍ഷിക ആഘോഷത്തിന്‍റെ തുടക്കമായി ഇന്നു വൈകുന്നേരം ഭഗവതിസേവയും നാളെ പുലര്‍ച്ചെ 4.30 ന് 108 തേങ്ങ കൊണ്ടുള്ള പ്രത്യക്ഷ ഗണപതിഹോമം, അന്നദാനം, ഭജന, മുരുകപൂജ എന്നീ ചടങ്ങുകളും നടത്തുമെന്ന് തളിപ്പറമ്പ് ബ്രാഹ്മണസമൂഹം ട്രസ്റ്റ് ഭാരവാഹികളായ വിജയ് നീലകണ്ഠന്‍, എന്‍. നീലകണ്ഠന്‍, ശിവസുബ്രഹ്മണ്യന്‍, സി.എച്ച്.കൃഷ്ണന്‍, വത്സന്‍ അഞ്ചാംപീടിക എന്നിവര്‍ അറിയിച്ചു.
Back to articles