നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം റോഡും പാലവും വൈദ്യുതിയുമില്ലാത്ത കാലത്ത് നാട്ടിന്‍പുറത്ത് ഏതെങ്കിലുമൊരു നിര്‍മ്മാണക്കമ്പനി തുടങ്ങുകയെന്നത് പുതുതലമുറയ്ക്ക് ചിന്തിക്കാനാകുമോ? എന്നാല്‍ ഒന്നല്ല, ഒന്നിലേറെ കമ്പനികള്‍ തുടങ്ങി വിജയിപ്പിച്ച ഒരാള്‍ ജീവിച്ചിരുന്നു തളിപ്പറമ്പില്‍ പേര് - പി.നീലകണ്‍ഠഅയ്യര്‍. തളിപ്പറമ്പുകാരുടെ കമ്പനിസ്വാമി. കാലത്തിനേറെ കുത്തൊഴുക്കില്‍ ചിതറിത്തെറിച്ചുപോകുന്ന ഓര്‍മകളാണ് ഈ നാട്ടുകാര്‍ക്ക് കമ്പനിസ്വാമിയുടെ ജീവിതം. എണ്ണിപറയാനാകാത്തത്രയും കര്‍മപാതകളില്‍ കൈയൊപ്പു ചാര്‍ത്തി ഈ വ്യവസായസംരംഭകന്‍ അന്ന് തളിപ്പറമ്പിന്‍റെ വികസനത്തിന് തന്നെയാണ് ശിലയിട്ടത്. ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും കാലത്തിനുമായ്ക്കാനാകാത്തത്രയും കാണാത്ത തില്‍ ഈ നാടിന്‍റെ നെഞ്ചകത്ത് അദ്ദേഹം ഒട്ടേറെ അടയാളങ്ങള്‍ ചെയ്തുവെച്ചു. വിദേശത്തേക്ക് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന തരത്തിലേക്ക് ഉയര്‍ന്ന നെയ്ത്തുകേന്ദ്രം, ഓയല്‍ ഫാക്ടറി, ഓട് നിര്‍മ്മാണ കമ്പനി, തീപ്പെടി കമ്പനി ഇങ്ങനെ നീളുന്നു കമ്പനി സ്വാമിയുടെ സംരംഭങ്ങള്‍. 1913 ലാണ് നെയ്ത്തുകേന്ദ്രം തുടങ്ങിയത്. തളിപ്പറമ്പ് മേഖലയിലെ ആദ്യ നെയ്ത്തുകേന്ദ്രമാണിത്. നൂറ് കണക്കിന് ആളുകള്‍ക്ക് ജോലികൊടുത്തു. പാവങ്ങളുടെ തമ്പുരാന്‍ എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. നീലകണ്‍ഠ അയ്യര്‍ എന്നാണ് പേരിട്ടതെങ്കിലും കുട്ടിക്കാലത്ത് മഹാ ബാലന്‍ എന്നു വിളിച്ചു. വലുതായപ്പോള്‍ കമ്പനിസ്വാമിയായി. തളിപ്പറമ്പില്‍ ഗൗരിഅമ്മാളിനെ കല്യാണം കഴിച്ചതോടെയാണ് താമസം ഈ നാട്ടിലേയ്ക്ക് മാറിയത്. തലശ്ശേരി ബ്രണന്‍ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം തൊഴില്‍ തേടി നാടുവിടാന്‍ അയ്യര്‍ തയ്യാറായില്ല. 40 ചര്‍ക്കകള്‍ സ്ഥാപിച്ചാണ് നെയ്ത്തുകേന്ദ്രം പ്രവര്‍ത്തിപ്പിച്ചത്. നാല്‍പതിലധികം പേര്‍ക്ക് തൊഴിലും നല്‍കി. ഇവിടെ നെയ്തെടുക്കുന്ന തുണികള്‍ സിലോണിലേക്ക് കയറ്റി അയച്ചു. തളിപ്പറമ്പ് ചിറവക്കിലാണ് കമ്പനികള്‍ ഒന്നൊന്നായി കെട്ടിപ്പൊക്കിയത്. കര്‍ഷകരില്‍നിന്ന് നെല്ല് ശേഖരിക്കാനും സ്വന്തമായി സ്ഥാപിച്ച മില്ലില്‍ അത് അരിയാക്കി മാറ്റി മലബാറിലെ പ്രധാന പട്ടണങ്ങളിലെ വില്‍പന കേന്ദ്രങ്ങളിലെത്തിക്കാനും അറിയണം കമ്പനിസ്വാമിയുടെ കര്‍മപാത 63 സ്വാമിക്ക് കഴിഞ്ഞു. കാളയെ ചക്കാലയില്‍ കെട്ടി വെളിച്ചെണ്ണയുണ്ടാക്കിയിരുന്നവര്‍ക്കു മുന്നില്‍ എണ്ണയാട്ടാന്‍ ആദ്യമായി മില്ല് സ്ഥാപിച്ചതും കമ്പനിസ്വാമി തന്നെ. തീപ്പെട്ടിക്കമ്പനി തുടങ്ങിയപ്പോള്‍ സ്ത്രീകളുള്‍പ്പെടേയുള്ള നൂറിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനായി. മണ്‍കട്ടകള്‍ കൊണ്ട് വീടുണ്ടാക്കിയിരുന്ന കാലത്തിഷ്ടിക കമ്പനി തുടങ്ങി. കെട്ടിടനിര്‍മ്മാണരംഗത്ത് മാറ്റത്തിന്‍റെ വിപ്ളവം തീര്‍ത്തു. കമ്പനികളുടെ വളര്‍ച്ച്യ്ക്കിടെ കിഴക്കന്‍ മലയോരമേഖല ഗ്രാമങ്ങളിലുള്‍പ്പെടെ ഏക്കറിലധികം സ്ഥലം സ്വന്തമാക്കി. പരിയാരത്ത് ഡയറി ഫാം സ്ഥാപിച്ചു. ചിതറിക്കിടക്കുന്ന സ്ഥാപനങ്ങളെ ചേര്‍ത്തുവെച്ച് രജിസ്ട്രേഡ് കമ്പനിയുണ്ടാക്കി. യന്ത്രങ്ങളുടെ പ്രവര്‍ത്തനോര്‍ജം കല്‍ക്കരി എന്‍ജിന്‍ വഴിയായിരുന്നു. 50 എച്ച്.പി.ഗ്യാസ് എന്‍ജിന്‍ സ്ഥാപിച്ച് വൈദ്യുതിയും ഉത്പാദിപ്പിച്ചു. ചിറവക്ക് പടിഞ്ഞാറേഭഗത്തുള്ള കമ്പനിയില്‍ നിന്ന് ചിറയുടെ കിഴക്കുവരെ താമസിക്കുന്ന കുമാരവിലാസത്തിലേക്കും വൈദ്യുതിയെത്തിച്ചു. ഈ വഴി നീളെ തെരുവിളക്കുകള്‍ സ്ഥാപിച്ചു. തളിപ്പറമ്പില്‍ ആദ്യം തെരുവിളക്കു പ്രകാശിതമായതു കമ്പനിസ്വാമിയുടെ വീടിനും സ്ഥാപനങ്ങള്‍ക്കുമിടയിലുള്ള പ്രദേശങ്ങളിലാണെന്ന് ഈ നാടിന്‍റെ ചരിത്രരേഖയിലുണ്ട്. കമ്പനിയിലെ തൊഴിലാക്കികള്‍ക്ക് വിനോദത്തിനായി റേഡിയോ നിലയം ഉണ്ടാക്കി. തളിപ്പറമ്പിലാദ്യമായി സ്വകാര്യ ബങ്ക് സ്ഥാപിച്ചത് കമ്പനി സ്വാമി യാണ്. സാധാരണക്കാരന് ഈട്പോലുമില്ലാതെ തുച്ചമായ പലിശനിരക്കില്‍ പണം കടം കൊടുക്കുന്ന ബാങ്ക്. ധാരാളം കുടുംബങ്ങള്‍ രക്ഷപ്പെട്ട കഥയുണ്ട്. ഈ ബങ്കിന്‍റെ ചിതലരിച്ച ഫയലുകളില്‍, സ്വര്‍ണപണയമുള്‍പ്പെടെയുള്ള ഇടപാടുകളാല്‍ വളര്‍ന്ന ഈ ധനകാര്യ സ്ഥാപനത്തിന് സ്വാമിനല്‍കിയ പേരും തളിപ്പറമ്പ് ബാങ്ക് എന്നാണ്. പില്‍ക്കാലത്ത് വിജയ ബങ്കിന്‍റെ തളിപ്പറമ്പ് ശാഖയിലേക്ക് ലയിക്കുകയും ചെയ്തു. കാളവണ്ടിയിലും കാല്‍നടയായും യാത്ര ചെയ്തിരുന്നകാലത്ത് കമ്പനിസ്വാമി വക നിരത്തിലിറങ്ങിയത് ഏഴു ബസ്സുകള്‍. കുമരന്‍ മോട്ടോര്‍ സര്‍വീസ് എന്ന പേരില്‍ തളിപ്പറമ്പില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ബസ്സുകള്‍ സര്‍വീസ് നടത്തി. തളിപ്പറമ്പില്‍ നിന്ന് നടുവില്‍ വരെ വീതിയേറിയ റോഡുണ്ടാക്കിയത് ഇദ്ദേഹമാണ്. പഴയകാലത്തെ വില്ലീസ് ജീപ്പും ഷെവര്‍ലെ ലോറിയും രണ്ടാം ലോകമഹായുദ്ധത്തില്‍ വാങ്ങിയ മോര്‍ട്ടന്‍ ബൈക്കുമെല്ലാം കമ്പനിസ്വാമിയുടെ വാഹന നിരകളില്‍ സ്ഥാനം പിടിച്ചിരുന്നു. വാഹനങ്ങള്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ഷവും മുടങ്ങാതെ അരനൂറ്റാണ്ടുകാലത്ത് ശബരി മലയിലും പഴനിയിലുമദ്ദേഹം ദര്‍ശനം നടത്തിയത് കാല്‍നടയായി സഞ്ചരിച്ചാണ്. എല്ലാദിവസവും കുമാരവിലാസം വീട്ടില്‍ അന്നദാന മുണ്ടായിരുന്നു. ഒരായുസ് മുഴുവന്‍ നാടിന്‍റെ വളര്‍ച്ചയ്ക്കൊപ്പം നിന്ന കമ്പനിസ്വാമി 84 ാ മത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ഇ.വി. ജയകൃഷ്ണന്‍ ( മാതൃഭൂമി )
Back to articles