സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത ആളുകള്‍ നട്ടം തിരിയുന്ന നാളുകള്‍. തൊഴിലില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നവര്‍ തളിപ്പറമ്പിലും ഏറെ. അവരുടെ കണ്ണീരൊപ്പാന്‍ എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യണമെന്നാഗ്രഹിച്ച് വ്യാവസായിക രംഗത്തേക്ക് ഇറങ്ങിത്തിരിച്ച മഹല്‍ വ്യക്തിയായിരുന്നു നീലകണ്ഠ അയ്യര്‍ എന്ന കമ്പനി സ്വാമി.
ബിരുദാനന്തര ബിരുദം നേടിയ എഞ്ചിനീയറൊന്നുമായിരുന്നില്ലെങ്കിലും, ഒറ്റ നോട്ടത്തില്‍ തന്നെ എന്തും സ്വായത്തമാക്കാന്‍ കഴിയുന്ന അത്ഭുത സിദ്ധിയുള്ള ഒരു വ്യക്തി പ്രഭാവമായിരുന്നു അദ്ദേഹത്തിന്റെത് . ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തികഞ്ഞ ഒരു ഗാന്ധിയനായി തന്നെ അദ്ദേഹം ജീവിച്ചുപോന്നു. തികഞ്ഞ ഈശ്വര വിശ്വാസം അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കൊണ്ടുള്ള അദ്ദേഹത്തിന്റെ ശബരിമല യാത്ര എടുത്തു പറയത്തക്കതാണ്.
നെല്‍കൃഷി ഏറെയുണ്ടായിരുന്ന തളിപ്പറമ്പില്‍ കര്‍ഷകര്‍ നെല്ല് കുത്തിയെടുക്കാന്‍പെടുന്ന പെടാപാട് അദ്ദേഹത്തെ ചിന്തിപ്പിച്ചു. നെല്ല്കുത്ത് മില്‍, എണ്ണയാട്ട് മില്‍, തീപ്പെട്ടി കമ്പനി തുടങ്ങി ഒന്നിലേറെ സ്ഥാപനങ്ങള്‍ അദ്ദേഹം രൂപകല്പന ചെയ്തും, പുറത്തു നിന്ന് കൊണ്ട് വന്നതുമായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ആരംഭിച്ചു. ഒട്ടേറെപേര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ അതോടെ കഴിഞ്ഞു. ചെറിയ വേതനമായിരുന്നു നല്‍കിയിരുന്നതെങ്കിലും അന്നത്തെ സ്ഥിതിയില്‍ ആളുകള്‍ക്ക് അതൊരു വലിയ അനുഗ്രഹമായിരുന്നു.
കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ നീലകണ്ഠ ടൈല്‍ വര്‍ക്ക്സ് എന്ന പേരില്‍ ഒരു ഓട് നിര്‍മ്മാണ കമ്പനിക്ക് രൂപം കൊടുത്തു. ഒട്ടേറെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവിടെ ജോലിലഭിച്ചു.
ഒരു കമ്പനിയുടെ അടുക്കും ചിട്ടയും പാലിച്ചു കൊണ്ടായിരുന്നു നീലകണ്ഠ വര്‍ക്സിന്റെ ഉദയം. തളിപ്പറമ്പില്‍ ആദ്യമായി കമ്പനി സൈറണ്‍ മുഴങ്ങിയതും ആക്കാലത്തായിരുന്നു. രാവിലെയും വൈകുന്നേരവും ഉയരുന്ന കമ്പനി സൈറണ്‍ തളിപ്പറമ്പിന്റെ വ്യവസായ ചരിത്രത്തില്‍ അന്നുണര്‍ത്തിയ ആവേശം ഒട്ടും ചെറുതായിരുന്നില്ല.
ലേഖകന്‍ അക്കിപ്പറമ്പ് യു.പി.സ്കൂള്‍ ലീഡറായിരുന്ന കാലത്താണ്. നീലകണ്ഠ അയ്യരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായത്. ആയിടെ കമ്പനിയില്‍ ഒരു യൂണിയന്‍ ഉണ്ടായി. ശമ്പള വര്‍ദ്ധനവിനും മറ്റുമായി അവര്‍ നോട്ടീസിറക്കി കമ്പനിക്ക് സമരനോട്ടീസും കൊടുത്തു.
ആനാളുകളിലാണ് നീലകണ്ഠ അയ്യരിലെ ഉരുക്കു മനുഷ്യനെ കാണാന്‍ അവസര മുണ്ടായത്. കമ്പനി ഗേറ്റ് നേരത്തെ തന്നെ പൂട്ടിയിട്ടിരുന്നു. അകത്ത് നീലകണ്ഠ അയ്യര്‍ ഒന്നും കൂസാതെ നിന്നു. തൊഴിലാളിനേതാക്കള്‍ അകത്ത് കയറി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എന്റെ തൊഴിലാളികളോട് ഞാന്‍ സംസാരിക്കാം; അവക്കത്തുവരാം. നിങ്ങള്‍ക്ക് കമ്പനിക്കകത്ത് പ്രവേശിക്കാന്‍ അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തൊഴിലാളികള്‍ക്ക് അകത്തു കയറാം ജോലി ചെയ്യാം പ്രശ്നങ്ങള്‍ ഞാനുമായി സംസാരിക്കാം. അതിന് ഇടതട്ടുകാര്‍ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
വലിയ വിഭാഗം തൊഴിലാളികള്‍ നേരത്തെ തന്നെ ജോലി ചെയ്തു വന്നിരുന്നു. അവശേഷിക്കുന്ന ചെറിയവിഭാഗത്തിന് മൂന്ന് നാലു ദിവസം കൊണ്ട് സമരം ക്ലിക്കാകാന്‍ പോകുന്നില്ലെന്ന് മനസ്സിലായി. അവരും ജോലിയില്‍ പ്രവേശിച്ചു... സമരം പൊളിഞ്ഞു. നീലകണ്ഠ അയ്യരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ നേതാക്കള്‍ മുട്ടുമടക്കി. ശൈശവ ദശയില്‍ തന്നെ കമ്പനിക്ക് നേരെ വാളോങ്ങിയവര്‍ വിമര്‍ശിക്കപ്പെടുകയും നീലകണ്ഠ അയ്യര്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
ഉദ്ദേശ ശുദ്ധിയോടെ ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും പരാജയപ്പെടുകയില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.
കാലത്തിന്‍റെ കുത്തൊഴുക്കില്‍ കമ്പനിയും, വസ്തുവകകളും കൈവിട്ടുപോയെങ്കിലും കമ്പനി സ്വാമി തളിപ്പറമ്പിലെ ജന ഹൃദയങ്ങളില്‍ എന്നും സ്മരിക്കപ്പെടും.
സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം.
തളിപ്പറമ്പിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തി പ്രഭാവമായിരുന്നു നീലകണ്ഠ അയ്യര്‍.
അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ള ചെറുമകന്‍ വിജയ് നീലകണ്ഠന്‍റെ ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണ്.
.
ശേഖര്‍ തളിപ്പറമ്പ
Back to articles