തളിപ്പറമ്പില്‍ ആദ്യമായി ബസും ഓട്ടോറിക്ഷും ജീപ്പും എത്തിച്ച, ഫാക്ടറികള്‍ ആരംഭിച്ച കമ്പനി സ്വാമിക്കു തന്‍റെ കര്‍മ്മഭൂമിയില്‍ സ്മാരകം പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിന്‍റെ 122-ാം ജന്മദിനത്തിന് ഏതാനും നാളുകള്‍ മുന്‍പാണ് അരവത്ത് ക്ഷേത്രത്തിന് സമീപത്തായി സ്വാമിയുടെ പിന്‍തലമുറയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്രാഹ്മണസമൂഹം മഠം ട്രസ്റ്റിന്‍റെയും കൊച്ചുമകന്‍ വിജയ് അയ്യരുടെയും നേതൃത്വത്തില്‍ ഓഡിറ്റോറിയം യാഥാര്‍ത്ഥ്യമാകുന്നത്. തളിപ്പറമ്പില്‍ ആദ്യമായി മോട്ടോര്‍ വാഹനങ്ങള്‍ക്കൊപ്പം വൈദ്യുതിയും ടെലിഫോണും എത്തിച്ചത് കമ്പനിസ്വാമി എന്നു വിളിച്ചിരുന്ന പി. നീലകണ്ഠ അയ്യര്‍ ആയിരുന്നു. 1894 ല്‍ പാലക്കാട്ട് ജനിച്ച നീലകണ്ഠന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം തളിപ്പറമ്പില്‍ വേരുകളുള്ള ഗൗരിഅമ്മാളെ വിവാഹം കഴിച്ച് രാജരാജേശ്വര ചിറയ്ക്കു സമീപം 'കുമാരവിലാസ'് എന്ന വീട് നിര്‍മ്മിച്ച് താമസമാരംഭിക്കുകയായിരുന്നു. അന്നു പെരിഞ്ചെല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പില്‍ നാല്‍പ്പത് അംബര്‍ ചര്‍ക്കകള്‍ സ്ഥാപിച്ച് സ്വാമി നെയ്ത്തുകേന്ദ്രം ആരംഭിച്ചു. യാത്രാസൗകര്യത്തിനു കാളവണ്ടി മാത്രമുണ്ടായിരുന്ന കാലത്ത് സ്വാമി ആരംഭിച്ച ഏഴ് ബസ് സര്‍വ്വീസ് തളിപ്പറമ്പുകാര്‍ക്ക് വലിയ സൗകര്യമായി. 'കുമാരന്‍ മോട്ടോര്‍ സര്‍വ്വീസ്' എന്ന പേരില്‍ ചെങ്ങളായിയില്‍ നിന്നു പാപ്പിനിശ്ശേരി വരെ ഇവ സര്‍വ്വീസ് നടത്തിയിരുന്നു. തളിപ്പറമ്പ് ബാങ്ക് എന്ന പേരില്‍ സ്വാമി ആരംഭിച്ച സ്വകാര്യബാങ്കും നവീന സംരംഭം ആയിരുന്നു. ഇതിനു കണ്ണൂരും ഒരു ശാഖയുണ്ടായിരുന്നു. ഇതു പിന്നീട് തളിപ്പറമ്പില്‍ ആരംഭിച്ച വിജയ ബാങ്കില്‍ ലയിച്ചു. തളിപ്പറമ്പില്‍ ആദ്യമായി അരിമില്ല് തുടങ്ങിയതും യന്ത്രവല്‍കൃത എണ്ണയാട്ട് മില്‍ ആരംഭിച്ചതും സ്വാമിയായിരുന്നു. ഓട്, ഇഷ്ടിക നിര്‍മ്മാണക്കമ്പനി, പരിയാരം കേന്ദ്രമാക്കി പശുവളര്‍ത്തല്‍ കേന്ദ്രം എന്നിവയ്ക്കു തുടക്കം കുറിച്ചു. തളിപ്പറമ്പില്‍ ആദ്യമായി വൈദ്യുതിയും ടെലിഫോണും എത്തിയത് സ്വാമിയുടെ വീട്ടില്‍ ആയിരുന്നു. കമ്പനിയില്‍ തൊഴിലാളികള്‍ ക്കുവേണ്ടി റേഡിയോയും അദ്ദേഹം സ്ഥാപിച്ചു. രണ്ടാംലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച നോര്‍ട്ടന്‍ ബൈക്ക് മദ്രാസില്‍ചെന്നു ലേലത്തില്‍ വാങ്ങി തളിപ്പറമ്പില്‍ ഓടിച്ച് സ്വാമി നാട്ടുകാരെ ഹരം കൊള്ളിച്ചിരുന്നു. സ്വാമി വാങ്ങിയ വില്ലീസ് ജീപ്പും ഷവര്‍ലെ ലോറിയും നാട്ടുകാര്‍ക്കു കൗതുകമായിരുന്നു. അന്നദാനം, തീര്‍ത്ഥാടനം തുടങ്ങിയ ആത്മീയ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം തല്‍പ്പരനായിരുന്നു. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കും. കമ്പനിസ്വാമിയുടെ എട്ട് അടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമയും അദ്ദേഹത്തിന്‍റെ കര്‍മ്മമണ്ഡലത്തിന്‍റെ ചിത്രീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശില്‍പ്പികളായ പ്രേമന്‍ കുഞ്ഞിമംഗലവും പ്രദീപ് പത്മനാഭനുമാണ് ഇവ ഒരുക്കിയത്.
Back to articles