തളിപ്പറമ്പിന്റെ മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ച കമ്പനിസ്വാമി

                                പി.നീലകണ്‍ഠ അയ്യര്‍. ഈ പേരു കേട്ടാല്‍ തളിപ്പറമ്പുകാര്‍ക്ക് യാതോരു ഭാവവ്യത്യാസവുമുണ്ടാകില്ല... എന്നാല്‍ കമ്പനിസ്വാമി എന്ന് കേട്ടാല്‍ ഈ നാട്ടുകാരുടെ കണ്ണുകള്‍ വിടരും. ഓര്‍മ്മകള്‍ ഒരു നൂറ്റാണ്ട് പിന്നിലേക്ക് കുതിക്കും. അത്രക്ക് അത്മബന്ധമാണ് കമ്പനിസ്വാമിയോട് തളിപ്പറമ്പിന്റെ മണ്ണിനും മനുഷ്യനും. 1894 ല്‍ പരശുരാമ പട്ടരുടെയും നാരയണിഅമ്മാളിന്‍റെയും മകനായി ജനിച്ച നിലകണ്‍ഠന്‍ പാവങ്ങളുടെ തമ്പുരാനായ ചരിത്രം അറിയേണ്ടതാണ്. വിവാഹ ശേഷമാണ് തളിപ്പറമ്പിന്റെ ചരിത്രം തിരുത്തിക്കുറിക്കാനുള്ള നിയോഗവുമായി സ്വാമി ചിറവക്കിലേക്ക് താമസം മാറുന്നത്. 1913ല്‍ സ്വാമിക്ക് വയസ്സ് 19. അന്ന് നാല്‍പതോളം അമ്പര്‍ ചര്‍ക്കകള്‍ ആരംഭിച്ചാണ് ഇദ്ദേഹം കര്‍മ്മ ഭൂമിയിലേക്ക് ചുവട് വെച്ചത്. ഇതോടെ തളിപ്പറമ്പില്‍ നെയ്തെടുത്ത കൈത്തറി വസ്ത്രം സിലോണില്‍ പോലും എത്തിത്തുടങ്ങി. ഇതിനെ ചരിത്ര ദൗത്യമായി കാലം അടയാളപ്പെടുത്തി. പാതു യാത്ര മാര്‍ഗ്ഗമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. അതിനും പോംവഴിയുണ്ടായിരുന്നു. തളിപ്പറമ്പിന്‍റെ സ്വന്തം സ്വാമിയുടെ ആവനാഴിയില്‍ ഏഴു ബസ്സുകളുമായി കുമാരന്‍ മോട്ടോര്‍ സര്‍വീസ് തുടങ്ങിയാണ് അദ്ദേഹം യാത്രാക്ലേശത്തിന് പരിഹാരം കണ്ടത്. സാധാരണക്കാരുടെ പ്രതിസന്ധി അകറ്റാന്‍ സ്വകാര്യ ധന സ്ഥാപനം ആദ്യമായി തുടങ്ങി. സ്വര്‍ണപണയ വായ്പയില്‍ തുടങ്ങിയ ബാങ്ക് പടര്‍ന്ന് പന്തലിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. സാധാരണക്കാരാന് ബാങ്ക് ആശ്വാസം ആയതോടെ സ്വാമി പാവങ്ങളുടെ പടത്തലവനായി വാഴ്ത്തപ്പെട്ടു. നെല്ല്കുത്ത് സ്ഥാപിക്കലായിരുന്നു കര്‍മ്മപഥത്തിലെ അടുത്ത ലക്ഷ്യം. ഇതിലൂടെ തളിപ്പറമ്പില്‍ നിന്നും അരി മറ്റിടങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിച്ചു. ഈ വ്യാപാരം ഒരു പ്രദേശത്തിന്‍റെ സ്വാശ്രയ ചിഹ്നമായി മാറ്റുകയായിരുന്നു. മരച്ചക്കിന് പകരം എണ്ണയാട്ട് മില്‍ പരീക്ഷിക്കാനും സ്വാമി ധൈര്യം കാണിച്ചു. തീപ്പെട്ടി കമ്പനി ആരംഭിച്ചതിലൂടെ നിരവധി പേരാണ് തൊഴിലവസരങ്ങള്‍ തേടിയെത്തിയത്. ഓട് നിര്‍മ്മാണ കമ്പനിയെ പറ്റി ചിന്തിച്ച് സ്വാമി താമസിയാതെ അതും പ്രവര്‍ത്തിപഥത്തിലെത്തിച്ചു. വൈദ്യുതി കണികാണാത്ത കാലത്ത് 50 എച്.പി.ഗ്യാസ് കൊണ്ടുവാന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഏവരേയും അല്‍ഭുതപ്പെടുത്തി. സ്ട്രീറ്റ് ലൈറ്റ്, ഓട്ടോറിക്ഷ ബൈക്ക് തുടങ്ങിയവയും തളിപ്പറമ്പിന്റെ മണ്ണില്‍ ആദ്യം എത്തിച്ചത് ഇദ്ദേഹമാണ് . സാധുക്കള്‍ക്ക് വയറ് നിറയെ ഭക്ഷണം നല്‍കി മനസ്സ് നിറച്ചു തുടങ്ങിയതോടെ അന്നദാനപ്രഭുവെന്ന പേരും ഇദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടി. 1978 ഫെബ്രവരി 15 ന് 84ാം വയസ്സിലാണ് സ്വാമി ലോകത്തോട് വിടപറഞ്ഞത്. ജീവിതം തളിപ്പറമ്പിനായി മാറ്റിവെച്ച അത്ഭുത പ്രതിഭയായിരുന്നു കമ്പനിസ്വാമി. എന്നാല്‍ അര്‍ഹതപ്പെട്ട അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. സ്വാമി മരിക്കുംവരെ അത് ആഗ്രഹിച്ചതുമില്ല. കമ്പനിസ്വാമി ബ്രാഹ്മണര്‍ക്കായി സ്ഥാപിച്ച മഠമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകമായി മാറിയിരിക്കുന്നത്. എം.കെ. മനോഹരന്‍, മക്തബ Back to articles