ഇങ്ങനെയൊരു മനുഷ്യന്‍ തളിപ്പറമ്പില്‍ ജീവിച്ചിരുന്നുവെന്ന് അധികമാരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. തളിപ്പറമ്പിന്റെ സമഗ്ര വികസനത്തിന് തനിച്ച് വഴിവെട്ടിയ പി.നീലകണ്‍ഠ അയ്യര്‍ എന്ന കമ്പനി സ്വാമിയുടെ ചരിത്രം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കൊചുമകന്‍ ഉള്‍പ്പെടെയുള്ള കുടുംബക്കാര്‍ തന്നെ വേണ്ടിവന്നു എന്നത് തളിപ്പറമ്പുകാര്‍ തലകുനിച്ച് നില്‍ക്കേണ്ടുന്ന സന്ദര്‍ഭമാണ്. കാലം കുറെ കടന്നുപോയി. തളിപ്പറമ്പിന്റെ പ്രാദശിക ചരിത്രം പല തലത്തില്‍ രേഖപ്പെടുത്തി. വികസനത്തെക്കുറിച്ചുള്ളഒട്ടനവധി പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, അവകാശവാദങ്ങളൊക്കെ നമ്മള്‍ കേട്ടു. അതിലൊന്നും കമ്പനി സ്വാമിയുണ്ടായിരുന്നില്ല. അതിന് നമ്മള്‍ പിഴ നല്‍കണം. തളിപ്പറമ്പുകാരുടെ വലീയ പിഴ. വികസനം കൊടുകാഴ്ചകളാവുകയും മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയും അഴിമതി അതിന്റെ കൂടപ്പിറപ്പായി അവതരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഒരു പക്ഷെ, കമ്പനിസ്വാമി തിരിച്ചറിയപ്പെട്ടുവെന്ന് വരില്ല . കാലവുമായി ബന്ധിപ്പിച്ച് സംഭവങ്ങളെ പരിശോധിക്കുമ്പോഴാണ് നമ്മള്‍ അല്‍ഭുതപ്പെട്ടു പോവുക. ഒരു മനുഷ്യായുസ്സിനുള്ളില്‍ ഇത്ര മാത്രം ചെയ്തു കൂട്ടിയ ഒരു മനുഷ്യന്‍ ഇവിടെ ഈ തളിപ്പറമ്പിലോ. 1900 ആണ്ട് ലോകത്തെ സംബന്ധിച്ചുതന്നെ വളരെ പ്രധാനപ്പെട്ടതായിരുന്നു വ്യവസായ വിപ്ളവത്തിന്റെ അലയൊലി ലോകമെങ്ങും മുഴങ്ങിക്ഷൊണ്ടിരുന്ന കാലം വ്യവസായിക വളര്‍ച്ചയുടെയും സാമ്പത്തിക പുരോഗതിയുടെയും അക്കാലം മനുഷ്യരുടെ ചിന്തകളില്‍ വന്‍ മാറ്റം ഉണ്ടാവുകയും ആധുനിക മനുഷ്യന്റെ രൂപവല്‍ക്കരണത്തിന് വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിമത്വത്തിലായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ലീനശേഷിക്ക് അനുസരിച്ചുള്ള വികാസം തടയപ്പെട്ടു. ബ്രിട്ടന്‍റെ താത്പര്യം അനുസരിച്ചുള്ള വികസനം മാത്രമാണ് നടപ്പിലാക്കപ്പെട്ടത്. മലബാറിന്‍റെ പിന്നോക്കാവസ്ഥ അതിന്‍റെ ഏറ്റവും വലീയ തെളിവായിരുന്നു. ബ്രിട്ടിഷുകാര്‍ക്ക് കപ്പം നല്‍കി സ്വതന്ത്ര നാട്ടുരാജ്യങ്ങളായി വര്‍ത്തിച്ച തിരുവിതാംകൂറിലും തിരുകൊച്ചിയിലും വികസനം കടന്നുചെന്നപ്പോള്‍ ബ്രിട്ടീഷ് ഭരണത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന മലബാറില്‍ വികസനം തടയപ്പെട്ടു. മലബാറിന്‍റെ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ കാരണം അതായിരുന്നു. ഈയൊരു കാലഘട്ടത്തിലാണ് നീലകണ്‍ഠഅയ്യര്‍ തളിപ്പറമ്പിന്റെ തലവിധി മാറ്റിയെഴുതാന്‍ സ്വന്തം നിലയില്‍ മുന്നോട്ടുവന്നത്. വ്യവസായ വിപ്ലവം മുന്നോട്ടുവെച്ച അധുനിക വികസന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ കൗമാര കാലത്ത് തന്നെ അദ്ദേഹം മുന്നിട്ടിറങ്ങി എന്നത് ശ്രദ്ധേയമാണ്. സിലോണിലേക്ക് പോലും വസ്ത്രങ്ങള്‍ കയറ്റിയയച്ച കൈത്തറി വ്യവസായശാല, പൊതുഗതാഗതസംവിധാനമില്ലാത്തിടത്ത് ഏഴോളം ബസ് സര്‍വീസുകള്‍, സാധാരണക്കാര്‍ക്ക് ചുരുങ്ങിയ പലിശനിരക്കില്‍ വായ്പ നല്‍കുന്ന ബാങ്ക്, നെല്ല്കുത്ത്മില്ല്, മരചക്കിനുപകരം എണ്ണയാട്ടുയന്ത്രം, ഓട് നിര്‍മ്മാണ കമ്പനി, തീപ്പെട്ടി കമ്പനി, 50 എച്.പി.ഗ്യാസ് കൊണ്ടുവന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് തെരുവ് വിളക്ക്, ഓട്ടോറിക്ഷ സര്‍വീസ് എന്നിവയ്ക്ക് പുറമെ അന്നദാനവുമായി അദ്ദേഹം അക്കാലത്തെ തളിപ്പറമ്പിനെ കാലത്തിന് ഒരുപടി മുന്നില്‍ എത്തിച്ചു. എന്താണ് ഇതിന്റെ പ്രാധാന്യം. സ്വയം സംപൂര്‍ണമായ ഒരു പ്രദേശമായി തളിപ്പറമ്പിനെ വികസിപ്പിക്കുന്നതിന്റെ ചുവട് വെപ്പ് ഈ കര്‍മ്മങ്ങളില്‍ എല്ലാം ഉണ്ടായിരുന്നു. പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പ്രദേശത്തിന്റെ വിഭവശേഷിയെ പ്രയോജനപ്പെടുത്തി വ്യാവസായിക വികസാനത്തിന് തറക്കല്ലിടുന്നു. സമൃദ്ധമായ തോതില്‍ നെല്ല് ഉത്പാദനമുണ്ടായിരുന്ന തളിപ്പറമ്പില്‍ നെല്ല് കുത്ത് യന്ത്രശാല എന്നത് കാര്‍ഷിക മേഖലയുടെ തന്നെ വികാസത്തിന്‍റെയും നിലനില്‍ പ്പിന്റെയും പ്രധാന ഘടകമായിരുന്നു. ഇതേ ധര്‍മ്മം തന്നെയാണ് എണ്ണയാട്ടു മില്‍ കൊണ്ടും നിര്‍വഹിക്കപ്പെട്ടത്. കൃഷിയും വ്യവസായവും തമ്മില്‍ ബന്ധിപ്പിച്ച് ഒരു നാടിന്റെ സാമ്പത്തിക വികാസത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയായിരുന്നു നീലകണ്‍ഠ അയ്യര്‍. പൊതുഗതാഗത സംവിധാനം നാടിന്‍റെ വളര്‍ച്ചയ്ക്ക് എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് ഇന്ന് ആരേയും പഠിപ്പിക്കേണ്ടതില്ല. പണമുള്ളവര്‍ കഴുത്തറുപ്പന്‍ ബ്ലെയിഡ് കമ്പനിക്കാരായി മാറുന്ന വര്‍ത്തമാന അവസ്ഥയില്‍ നിന്നുകൊണ്ടുവേണം ചുരുങ്ങിയ പലിശക്ക് വായ്പ നല്‍കുന്ന ബാങ്കിംങ്ങ് സമ്പ്രദായം കൊണ്ടുവന്നതിനെ വിലയിരുത്താന്‍. കൊള്ളപലിശക്കാരായ ജിമാര്‍ അക്കാലത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. പാവപ്പെട്ട മനുഷ്യരുടെ കൈവശമുണ്ടായിരുന്ന ഇത്തിരി സ്വര്‍ണ്ണവും ഒരു തുണ്ട് ഭൂമിയും ഒക്കെ കൈക്കലാക്കിയവര്‍. അവിടെയാണ് ആധുനികത ലോകത്തിനു നല്‍കിയ ബാങ്കിംങ്ങ് സമ്പ്രദായത്തെ തളിപ്പറമ്പുകാര്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തിയത്. സ്വാശ്രയത്തെ കുറിച്ചുള്ള വലീയ പാഠമായിരുന്നു നീലകണ്‍ഠ അയ്യരുടെ വൈദ്യുതി ഉല്‍പാദനവും തെരുവ് വിളക്കുകള്‍ സ്ഥാപിക്കലും. ഇന്ന് ജനങ്ങളുടെ പണം എം.എല്‍.എ., എം.പി ഫണ്ടുകളായി ലഭിക്കുന്നത് ഉപയോഗിച്ച് റോഡും പാലവും ഒക്കെ പണിത് അത് ജനപ്രതിനിധിയുടെ ധനമാണെന്ന് തോന്നും വിധം പ്രചരിപ്പിക്കുന്ന സമൂഹത്തിലാണ്. ഒരു മനുഷ്യന്‍ തനിച്ച് അതും തന്‍റെ പേര്‍ കൊത്തിവെക്കാതെ ഈ പ്രവൃത്തികളൊക്കെ നടത്തിയതെന്ന് ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ തളിപ്പറമ്പിന്‍റെ മാത്രമല്ല മലബാറിന്‍റെ തന്നെ വികസന ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടുന്ന പേരാണ് നീലകണ്‍ഠ അയ്യരുടേത്. നമ്മള്‍ തെറ്റ് തിരുത്തണം. ആധുനിക തളിപ്പറമ്പിന്‍റെ ശില്‍പ്പി എന്ന നിലയിലെങ്കിലും നീലകണ്‍ഠ അയ്യരെ രേഖപ്പെടുത്തണം. ആ നിലയില്‍ അദ്ദേഹത്തെ ആദരിക്കണം. സംസ്ഥാന സര്‍ക്കാര്‍ മുതല്‍ പ്രാദേശികഭരണ സംവിധാനം വരെ അതിന് മുന്‍കൈയെടുക്കണം.
എഡിറ്റോറിയല്‍ മക്തബ
Back to articles